അന്നും പതിവുപോലെ മദ്രസ്സ വിട്ട് ഞാൻ ൻറെ സൈദിനെ കാത്ത് നിന്നു. ൻറെ സൈദും പാലശ്ശേരി മൊയ്തീൻകുട്ടിയും കൂടി എൻറെ അടുത്ത് വന്ന് ചോദിച്ചു, ജ് പേര്ണാ? അന്ന് വ്യാഴാഴ്ചയാണ് സ്കൂൾ ഉണ്ടല്ലോ.... പിന്നെ എങ്ങോട്ടാ ഇവര് വിളിക്കുന്നത്? എത്ര ആ ലോചിച്ചിട്ടും മനസ്സിലായില്ല.
അപ്പോഴാണ് ൻറെ സൈദ് പറഞ്ഞത്, നാളെ ജുമായ തിരിഞ്ഞിട്ട് ഗുഹ കാണാൻ പോര്ണാ. ഊം ഞാൻ മൂളി. മൃഗങ്ങളൊക്കെ ഒരുപാട് ഉണ്ട്
പാലശ്ശേരി പറഞ്ഞു. പോകാമെന്ന തീരുമാനത്തോടെ സ്കൂളിലെ പുസ്തകമെടുക്കാൻ വീട്ടലേക്കോടി.
സ്കൂൾ സമയം എങ്ങിനെയൊക്കെയോ കഴിച്ച് കൂട്ടി.മനസ്സ് നിറയെ ഗുഹയും മ്രിഗങ്ങളുമാണ്.
വെള്ളിയാഴ്ച സ്കൂളുമില്ല മദ്രസ്സയുമില്ല! സാധാരണ വെള്ളിയാഴ്ചകളിൽ ഞങ്ങൾക്ക് സ്കൂൾ ഉണ്ടാകാറുണ്ട്.
ജുമാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ഓടി, പെട്ട്യെർച്ചീം ബള്ളം ബറ്റിച്ച ചോറും വെട്ടി വിഴുങ്ങി! എളാമ്മ വിരുന്നുവന്നത് കൊണ്ടുള്ള സ്പെഷ്യൽ!
നിറഞ്ഞ വയറുമായി വീണ്ടും ഓടാനൊരുങ്ങിയപ്പോൾ ഉമ്മാൻറെ വിളി... ജ് എങ്ങട്ടാ? പരിൻറോട്ക് എന്ന്പറഞ്ഞ് ഓട്ടം ആരംഭിച്ചു. അന്നൊക്കെ നടത്തം ഞങ്ങൾക്കില്ലായിരുന്നു.
ൻറെ സൈദ് എന്നെ കാത്തു നിൽക്കുകയായിരുന്നു. പാൽശ്ശേരി മന്നില്ലേ? ഇല്ല, ൻറെ സൈദിൻറെ ദേഷ്യത്തിലുള്ള മറുപടികേട്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, സൈദിൻറെ കയ്യിൽ വലിയൊരു സഞ്ചി! എത്താ സേൽബ്യേ സഞ്ചീല്? ചിരിച്ച് കൊണ്ട് ൻറെ സൈദ് പറഞ്ഞു, കൊറച്ച് സാമാനങ്ങളാ... ഞാൻ സഞ്ചി തുറന്നു നോക്കി.. കത്തി, കയർ, മുണ്ട്, വെള്ളം നിച്ച ഒരു പാത്രം, തീപ്പെട്ടി തുടങ്ങിയ സാധനങ്ങളായിരുന്നു സഞ്ചിയിൽ!
പാലശ്ശേരിയെ കാത്ത് നിൽക്കാതെ ഞങ്ങൾ യാത്ര തുടങ്ങി. കുറ്റൂർ പാടത്തെത്തിയപ്പോൾ സൈദിനോട് ചോദിച്ചു കീപ്പട്ടാ മേപ്പട്ടാ... സൈദ് പറഞ്ഞു മേപ്പട്ട്! പാടത്തിൻറെ വരമ്പിലൂടെ കിഴക്കോട്ട് നടന്നു. വെയിലുണ്ടെങ്കിലും സുഖമുള്ള കാറ്റ്. നടന്നു നടന്ന് വരമ്പവസാനിച്ചു. പിന്നെ വെള്ളവും ചേറും നിറഞ്ഞ കണ്ടത്തിലൂടെയായി യാത്ര. ജ് മുകാണ്ട നോക്കിക്കോട്ടാ ൻറെ സൈദിൻറെ മുന്നറിയിപ്പ്. ചേറിലൂടെയുള്ള യാത്ര കഴിഞ്ഞ് വീണ്ടും വരമ്പിലൂടെ യാത്ര തുടർന്നു. അപ്പോഴും മനസു നിറയെ ഗുഹയും മ്രിഗങ്ങളൊക്കെയായിരുന്നു. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, ൻറെ സൈദിൻറെ കാലിലെ 'തണ്ട' കാണുന്നില്ല? സൈദേ അൻറെ തണ്ട പോയാ കാണണില്ലല്ലോ...
ജ് ൻറൊപ്പം പോരണാ .. തണ്ട കല്മ്മല്ണ്ട് അത് ചേറോണ്ട് കാണാഞ്ഞിട്ടാ... സൈദ് അത് പറഞ്ഞപ്പോഴാണ് സമാധാനമായത്. അതങ്ങിനെയാണ്, ൻറെ സൈദിന് ഒരു വിഷമമുണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
പാടം കഴിഞ്ഞൂട്ടാ... സൈദ് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. ഒരു ഉയർന്ന മതില് പോലെയുള്ള കെട്ടിനു മുകളിലൂടെ വലിഞ്ഞുകയറി പറമ്പിലേക്ക് കടന്നു. ഇതാണ് 'നെടിയാരം എസ്റ്റേറ്റ്'... എടത്തോള മുഹമ്മദാജിയുടെ വിശ്രമകേന്ദ്രം! അന്ന് മുഹമ്മദാജി മരിച്ചിട്ടില്ല. ദൂരെ നിന്നുതന്നെ ബംഗ്ലാവ് കാണാം. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്... രണ്ട് കണ്ണുകൾ ഞങ്ങളെ തുറിച്ച് നോക്കുന്നു. ചരിഞ്ഞ ഭൂപ്രദേശമായതിനാൽ ഞങ്ങൾ താഴെയും ബംഗ്ലാവ് മുകളിലുമാണ്. എസ്റ്റേറ്റിൻറെ നടുവിലാണ് ബംഗ്ലാവ്.
ആ കണ്ണുകൾ എന്നെ തുറിച്ച് നോക്കുന്നതുപോലെ തോന്നി. ആ കണ്ണുകളുടെ ഉടമയെ ഞാനതിനുമുമ്പ് കണ്ടിട്ടേയില്ലായിരുന്നു. ൻറെ സൈദിനു നല്ല പരിചയമുള്ളതുപോലെ നല്ല ധൈര്യം. മുന്നോട്ട് നടക്കാൻ തുടങ്ങിയ സൈദിന് ആ കണ്ണുകൾ കാട്ടിക്കൊടുത്തുകൊണ്ട് സൈദിൻറെ കൈകൾ ഞാൻ മുറക്കിപ്പിടിച്ചു. ജ് ങ്ങട്ട് പോരേ അത് ഒരു കുറുക്കനാ.. ഞാനതിനുമുമ്പ് കുറുക്കൻറെ ഓരിയിടൽ മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ, നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.
നടന്നു നീങ്ങുമ്പോൾ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു... നിറയെ പൂക്കളുള്ള ധാരാളം വലിയ മരങ്ങൾ, അതിലൊക്കെ പഴങ്ങളും. അതുവരെ കാണാത്ത നൂറുകണക്കിനു പഴങ്ങൾ! ഒരു മനുഷ്യനെയും അവിടെ കണ്ടില്ല. പേടി തോന്നി.. ൻറെ സൈദിൻറെ ഒരു ധൈര്യം! ഞാൻ അൽഭുതപ്പെട്ടു. അതങ്ങിനെയാണ്. ൻറെ സൈദിന് ഇന്നും ധൈര്യത്തിനൊരു കുറവുമില്ല.
ഗുഹയെവിടെ? ൻറെ സൈദ് പറഞ്ഞു ഞാനും കണ്ടിട്ടില്ല. നമുക്ക് തെരയാം.
ആദ്യം ബംഗ്ലാവിലൊന്നു കയറാം. മുറ്റം നിറയെ ചമ്മൽ നിറഞ്ഞ് കിടക്കുന്നു. നടക്കുമ്പോൾ വലിയ ശബ്ദം. ആകെക്കൂടി പേടിപ്പെടുത്തുന്ന അന്തരീക്ഷം... ചെങ്കല്ലിൽ നിർമ്മിച്ച് ഓടുമേഞ്ഞ കെട്ടിടം... വാതിൽ ചാരിയിട്ടേയുള്ളൂ, ൻറെ സൈദ് ഒന്നു തള്ളിയപ്പോഴേക്കും വലിയശബ്ദത്തിൽ മലർക്കെ തുറന്നു. ഏതോ ഒരു ജീവി ഞങ്ങൾ വന്നത് ഇഷ്ടപ്പെടാത്തതുപോലെ മുരളിക്കൊണടു പുറത്തേക്ക് പാഞ്ഞു.. ഞാൻ പേടിച്ച് വിറച്ചു.. ശ്ശ്... ൻറെ സൈദിൻറെ താക്കീത് മിണ്ടരുത്..., സഞ്ചിതുറന്ന് ൻറെ സൈദ് ഒരു മണ്ടക്കത്തി പുറത്തെടുത്തു. നീട്ടിപ്പിടിച്ച കത്തിയുമായി അടുത്ത റൂമിലേക്ക് കയറി. ഓരോ റൂമിലും അടുക്കള വരെ കയറിയിറങ്ങി. തിരിച്ചു വാതിൽ ചാരി മുറ്റത്തേക്കിറങ്ങിയപ്പോൾ മുന്നിൽ.........
നാലടി പൊക്കമുള്ള കറുത്ത് തടിച്ച ഒരു മനുഷ്യൻ! അയാളുടെ തുറിച്ച നോട്ടം ഞങ്ങൾ രണ്ടു പേരും പേടിച്ചു വിറച്ചു... അയാൾ തുറിച്ച് നോക്കുകയല്ലാതെ ഒന്നും ഉരിയാടുന്നില്ല. നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ കഴിയുന്നില്ല. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, ൻറെ സൈദിൻറെ കാലിലൂടെ വെള്ളം ഒലിക്കുന്നു!!!
ആരാടാ ... ങ്ങക്കെന്താടാ ബ്ടെ ... ഘനഗംഭീര ശബ്ദം.. വിറയാർന്ന ശബ്ദത്തിൽ ഞങ്ങൾ പറഞ്ഞു ബ്ടെ കാണാൻ ബന്നതാ...
ഏതാടാ ജ് ൻറെ സൈദിനെ നോക്കി അയാൾ അലറി. ഞാൻ പരിക്കുട്ട്യാക്കാൻറെ മോനാ.. ജ്ജോ.. ന്നോടൊരലർച്ച, കാമ്പ്രൻ ആലസ്സൻകുട്ട്യാക്കാൻറെ മോനാണ്. ഇതു കേട്ടപ്പോൾ അയാളാകെ മാറി. ആ കുറിയ മനുഷ്യൻ വളരെ സ്നേഹത്തിൽ പെരുമാറാൻ തുടങ്ങി.
എൻറെ ഉപ്പ എടത്തോള കാര്യസ്ഥനായിരുന്നു. ഈകുറിയമനുഷ്യൻ എടത്തോള ഭവനത്തിലെ സ്ഥിരം ജോലിക്കാരനാണ്. അബൂബക്കർ കാക്കയായിരുന്നു അത്. ഞാൻ യതീം കുട്ടിയായത് കൊണ്ടാണ് അയാൾ സ്നേഹത്തിൽ പെരുമാറാൻ തുടങ്ങിയത്.
അന്നുവരെ തിന്നാത്ത കുറെ പഴങ്ങൾ അബൂബക്കർക്ക പറിച്ചു തന്നു. ഗുഹയെവിടെയെന്ന് ചോദിച്ചപ്പോൾ അയാളുടെ സ്വഭാവം മാറി.. വീണ്ടും ദേഷ്യപ്പെട്ടു..ഗുഹക്കടുത്തേക്ക് പോകരുതെന്ന കർശന നിർദ്ദേശത്തോടെ ദൂരെ നിന്ന് ഗുഹാ കവാടം അയാൾ കാണിച്ചു തന്നു. ഇനിയവിടെ നിൽക്കരുതെന്നും ഇനി മേലാൽ അങ്ങോട്ട് വരരുതെന്നുമുള്ള താക്കീതാണ് അബൂബക്കർകാക്ക തന്നത്.
തിരിഞ്ഞു നടക്കുമ്പോൾ, സ്വീകരിക്കാൻ വന്ന ഒരു കുറുക്കനെ പോലും യാത്രയാക്കാൻ കണ്ടില്ല
-------------------------------
എം.ആർ.സി അബ്ദുറഹിമാൻ
No comments:
Post a Comment