Saturday, 20 February 2016

പൊടിയേരിയിലെ മാങ്ങാ പറി.....


കുറ്റൂർ നോർത്തിൻറെ അഭിമാനമായിരുന്ന രണ്ട് ചോല യായിരുന്നു പൊടിയേരി ചോലയും പുത്തൻ ചോലയും.

വേനലിലും വറ്റാതെ ആയിരങ്ങൾക്ക് കുളിക്കാനുള്ള നീരുറവയായിരുന്നു ഇവ.
ഇന്ന് പുത്തൻ ചോലയില്ലാതായി. പൊടിയേരി ചോലയുടെ അവശിഷ്ടം ഇപ്പോഴുമുണ്ട്.

ആയിരങ്ങൾക്കാശ്വാസമായിരുന്ന ഈ ചോലകൾക്ക് രണ്ട് സംരക്ഷകരുണ്ടായിരന്നു, ഉടമകൾ ഇവരല്ലെങ്കിലും ആത്മാർത്ഥ സേവനമായിരുന്നു ഇവരുടേത്.

പൊടിയേരി ചോലയുടെ സംരക്ഷകൻ ചക്കു ആയിരുന്നു. പെയിന്റർ താമുവിൻറെ അച്ഛൻ.
പുത്തൻചോല സംരക്ഷിച്ചിരുന്നത് മാമൻ ആയിരുന്നു. ഹോട്ടൽ നടത്തുന്ന വേലായുധൻറെ മുത്തച്ഛൻ.
ചക്കുവായിരുന്നു പൊടിയേരി മുഴുവനായി നോക്കിയിരുന്നത്.

ഒരുദിവസം ആലിക്കുട്ടിയും അരീക്കൻ സിദ്ദീഖും വന്നിട്ട് പറഞ്ഞു, "പൊടിയേരിയിൽ നല്ല പഴുത്ത മാങ്ങയുണ്ട് നമ്മൾ മാങ്ങ പറിക്കല്ലേ" എന്ന്.
അന്ന് സ്കൂളില്ലാത്ത ദിവസമായിരുന്നു.
ഞാൻ പറഞ്ഞു എന്നെക്കൊണ്ട് കേറാൻ കഴിയില്ലാന്ന്. ആലിക്കുട്ടി കയറുമെന്ന് ഉറപ്പ് തന്നത് കൊണ്ട് ഞാൻ സമ്മതിച്ചു.
സമയം 11 am ആയിക്കാണും. മൂച്ചി നിറയെ മാങ്ങകൾ!
പഞ്ചാരമാങ്ങയാണ്,മഞ്ഞ കലർന്ന ചുവപ്പ് നിറം.
എടത്തോള വിട്ടിലേതാണ് പൊടിയേരി.
ചുറ്റും ഒന്നു കണ്ണോടിച്ചു ആരുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ആലിക്കുട്ടിയെ(കക്കാടംപുറം ബേക്കറി, ടെക്സ്റ്റൈൽസ്) മൂച്ചിമേകയറ്റി. ഞാനും സിദ്ദീഖും താഴെ പെറുക്കാൻ നിന്നു.
ആലിക്കുട്ടി മൂച്ചിക്കൊമ്പ് കുലുക്കി മാങ്ങകൾ താഴോട്ട് വീണു. പത്തറുപത് മാങ്ങ ശേഖരിച്ച് കാണും, അതാ എന്റെ മുന്നിൽ ഒരാൾ�� സാക്ഷാൽ ശ്രീമാൻ ചക്കു! ഷർട്ടിടാതെ തോർതുമുണ്ട് മാത്രമാണ് വേഷം.
ഞാനും സിദ്ദീഖും മാങ്ങയിട്ടോടി.
പക്ഷേ ആലിക്കുട്ടി മൂച്ചിയുടെ മുകളിൽ! ഓട്ടം നിർത്തി പൊന്തക്കാട്ടിൽ മറഞ്ഞിരുന്ന ഞങ്ങൾക്ക് ചക്കുവിനെയും ആലിക്കുട്ടിയെയും കാണാമായിരുന്നു.
ചക്കു ആലിക്കുട്ടിയോട് ഇറങ്ങാൻ പ്റയുന്നു, ആലിക്കുട്ടി ഇറങ്ങുന്നില്ല!
ഞങ്ങൾ പൊന്തക്കാട്ടിൽ നിന്നും വിളിച്ചുപറഞ്ഞു ആലിക്കുട്ടീ ഇറങ്ങിക്കോ..
ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ അവന് ധൈര്യമായി.
സാവധാനം ആലിക്കുട്ടി താഴെയിറങ്ങി.
നിലത്തേക്ക് കാലുവെച്ചതും ചക്കു അവനെ പിടിച്ചു. ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ നോക്കി, ചക്കു ആലിക്കുട്ടിയുടെ കള്ളിത്തുണിയഴിച്ചു......ആലിക്കുട്ടി പേടിച്ച് കരയാൻ തുടങ്ങി. ആലിക്കുട്ടിക്ക് അന്ന് ഷെഡ്ഢിക്കച്ചവടമില്ലാത്തതുകൊണ്ട് തുണി മാത്രമാണുണ്ടായിരുന്നത്.
ചക്കു തുണിയുമായി വീട്ടിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയപ്പോൾ ഞാനും സിദ്ദീഖും ചക്കുവിന്റെ കാലു ചെന്ന് പിടിച്ചു കരഞ്ഞു. ലോലഹൃദയനായ ചക്കുവിന്റെ മനസ്സലിഞ്ഞു, തുണി തിരികെ കിട്ടി.
നന്ദി സൂചകമായി ദേഷ്യത്തോടെ ചക്കുവിനെ ഒന്ന് നോക്കിയിട്ട് വെറും കൈയോടെ ഞങ്ങൾ ഓടി. പിന്നീട് മാങ്ങക്ക്വേണ്ടി പൊടിയേരിൽ പോയിട്ടില്ല......
-------------------------------------------
എം.ആർ.സി അബ്ദുറഹിമാൻ

No comments:

Post a Comment