Saturday, 20 February 2016

സൻഫീർ കടന്ന് വന്നെങ്കിലെന്ന്

മുല്ല പൂവിന്റെ പരിശുദ്ധിയും സൗരഭ്യവും പ്രസരിപ്പിച്ചൊരു കുട്ടിയുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. അവന്റെ പേര് 
സൻഫീർ എന്നായിരുന്നു.ഇക്കഴിഞ്ഞ പെരുന്നാൾ തലേന്ന് സുബ്ഹിക്ക് പള്ളിയിൽ പോകവേ പാതി വഴിയിൽ വെച്ചാണ് ആ കുട്ടി കടന്നു പോയത്.
കഴിഞ്ഞ ദിവസം നബിദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി തോരണങ്ങളുടെ ചമയങ്ങളൊരുക്കുന്ന നാട്ടിലെ കൗമാരക്കൂട്ടത്തെ കണ്ടപ്പോഴാണ് സൻഫീർ വീണ്ടുമെന്റെ മനസ്സിലേക്ക് മുല്ലപ്പൂവിന്റെ സൗരഭ്യവുമായി വന്നത്. മരണത്തിലേക്ക് മന്ദസ്മിതം തൂകി പോവുന്നതിന്റെ രണ്ടോ മൂന്നോ വർഷം മുമ്പ് മാത്രമാണ് സൻഫീറിൽ ഈയുള്ളവന്റെ ശ്രദ്ധ പതിഞ്ഞത്.
അതിന് മുമ്പ് മറ്റുളളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രം അവനിൽ എന്താണുണ്ടായിരുന്നതെന്ന് ഞാൻ പലരോടും ചോദിച്ചു.
പഠനത്തിൽ ശരാശരിക്കാരുടെ കൂട്ടത്തിലായിരുന്നെന്ന് കേട്ടു .
നാട്ടിൽ കൗമാരം വട്ടമിട്ടിരുന്ന് വെടി പറഞ്ഞ അങ്ങാടി തിണ്ണകളിൽ '
ഓവുപാലങ്ങളിൽ അവനെ കണ്ടവരില്ല.
കളി മൈതാനങ്ങളിൽ ഈ കുട്ടിക്ക് വേണ്ടി ആരും ആർത്ത് വിളിച്ചില്ല.
അടുത്ത വീട്ടുകാർക്ക് പോലും സൻഫീർ അധികം മിണ്ടാത്ത തലതാഴ്ത്തി പോവുന്നൊരു സാധുവായിരുന്നു.
എസ്.എസ്.എൽ.സി.
വരെ സൻഫീർ ഇങ്ങനെയൊക്കെയായിരുന്നു.
ശേഷം അവൻ ഉപരി പഠനാർത്ഥം ഒരു പ്രമുഖ മത കലാലയത്തിൽ വാഫി കോഴ്സിന് ചേർന്നു .
അവന്റെ സൗഹൃദങ്ങൾ,ചുറ്റുവട്ടങ്ങൾ എല്ലാം പറിച്ചു നട്ടു.
പഠന പ്രയത്നങ്ങൾ...
കാമ്പസ് സൗഹൃദങ്ങൾ ...
ഉയർന്ന ചിന്തയുടെ നിലാവ് പരന്നിടത്ത് സൻഫീറും ഒരു നിഴൽപാടായി.
നമ്മുടെ കൺവെട്ടത്തിലെ സൻഫീർ പിന്നെ നാട്ടിലെ വിരുന്നുകാരനുമായി.
തൂവെള്ള തുണിയും,
പനനീർ പൂവിന്റെ നിറമുള്ള ഷർട്ടുമിട്ട,
വെള്ള തൊപ്പിയും,
ചുവന്നകാലുള്ള കണ്ണടയും ധരിച്ച,
മുല്ല പ്പൂവിന്റെ നിറമുളെളാരു കുട്ടി. സൻഫീറിന്റെ നാടറിഞ്ഞ രൂപം ഇതായിരുന്നു.
മുശിഞ്ഞ് നിൽക്കുന്നൊരു സൻഫീറിനെ കണ്ടവരില്ല.
മറ്റുള്ളവരോട് കയർത്ത് ചീത്ത വാക്ക് പറയുന്നവനായി അവനെയാരും കേട്ടതുമില്ല.
അവൻ
സദാ മുഖപ്രസന്നത കാത്തു സൂക്ഷിച്ചു.
ആ തൂവെള്ള വസ്ത്രത്തിൽ ഒരു അഴുക്കും പുരണ്ടില്ല.
ഒതുക്കവും, അമർച്ചയുമുള്ളൊരു കുട്ടിയെന്ന്
കാരണവൻമാർ അടക്കം പറഞ്ഞു.
അലമ്പ് ഫ്രീക്കൻമാർ തിമർത്താടുന്ന നാട്ടിൽ സൻഫീർ സുകൃതങ്ങളുടെ തെളിനീരായി ഒഴുകി.
അവന്റെ അവധി ദിനങ്ങൾ നാടിന് പൊതു ആവിഷ്കാരങ്ങളുടെ വസന്തമായി.
നാട്ടിലെ വിദ്യാർത്ഥി സംഘടനകളിൽ അവൻ മുന്നിൽ നിന്നു.
അവൻ പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഒരു പൂർവ്വ വിദ്യാർത്ഥിയുടെ എല്ലാ ധർമ്മവും കുറഞ്ഞ കാലം കൊണ്ടവൻ നിർവ്വഹിച്ചു.
മദ്റസാ കുട്ടിയായി നബിദിന റാലിയിൽ പോവുന്നൊരു സൻഫീർ ഈയുള്ളവന്റെ ഓർമ്മയിലില്ല .
നബിദിനാഘോഷത്തിന്റെ ചമയങ്ങളൊരുക്കാൻ ഓടി പാഞ്ഞൊരു
പൂർവ്വ വിദ്യാർത്ഥി അവനായിരുന്നു എനിക്ക് സൻഫീർ.
കഴിഞ്ഞ വർഷത്തെ നബിദിന റാലിയിൽ അവൻ വിതരണം ചെയ്തൊരു
മിഠായി മധുരം ഇപ്പോഴുമെന്റെ നാവിൽ അലിഞ്ഞു തീരാതെ കിടക്കുന്ന പോലെ.........
നബിദിന ഘോഷയാത്രയിൽ ഈണത്തിൽ ബുർദ ചെല്ലിക്കൊടുത്തൊരു കുട്ടി.
പ്രഭാഷണ പരിപാടികളിൽ കഴുത്തിൽ ബാഡ്ജ് ധരിച്ച് ഓടി നടന്നൊരു വളണ്ടിയർ .
പാവപ്പെട്ട രോഗികളെ സഹായിക്കാൻ പളളിയുടെ മുന്നിൽ ബക്കറ്റ് കാട്ടി നിന്നവൻ.
എല്ലാം ഒന്നൊന്നായി മനസ്സിന്റെ വേദനയിലേക്ക് ഒരിളം കാറ്റായി തഴുകി വരുന്നു.
ആ കുട്ടിയുടെ ജീവിതം മാത്രമല്ല മരണം പോലും നമ്മെ വല്ലാതെ കൊതിപ്പിച്ച് കളഞ്ഞു.
ഒരു റമദാന്റെ അവസാന ദിനം.
സുബ്ഹി നിസ്കാരത്തിന്റെ വഴിയിൽ.
വ്രതശുദ്ധിയോടെ ആ കുട്ടി പോയി.
മരണം പോലും വല്ലാത്ത കൊതിയോടെയാവും അവനെ അണച്ച് പിടിച്ചിട്ടുണ്ടാവുക.
ഒരിക്കലും മറക്കാനാവില്ല.
അവന് വേണ്ടി നാട് തേങ്ങിയ ദിവസത്തെ.
മരണ വീട്,
ആംബുലൻസിന്റെ ഹോൺ,
സ്ത്രീകളുടെ അടക്കിപിടിച്ച
തേങ്ങലുകൾ,
കണ്ണീരുറ്റിയ പ്രാർത്ഥനകൾ,
പണ്ഡിതർ,
സഹപാഠികൾ,
ബന്ധുക്കൾ,
നാട്ടുകാർ,
കളിക്കൂട്ടുകാർ,
എല്ലാവരും സൻഫീറിനെ ഓർത്ത് കരഞ്ഞ മരണവീടിന്റെ മുറ്റം .
രണ്ട് ദിവസങ്ങൾക്ക് ശേഷം സൻഫീർ അക്ഷരം പഠിച്ച അൽ ഹുദ അവനായി ഓർമ്മയുടെ വിരുന്നൊരുക്കി.
ആ കുട്ടിക്ക് വേണ്ടി ഒരു നാട് മുഴുവൻ പ്രാർത്ഥിക്കാനായി കൂടിയിരുന്നു.
ഓർമ്മയുടെ കെട്ടഴിഞ്ഞ് വന്ന സഹപാഠികളുടെ വിതുമ്പലുകൾ,
ഉസ്താദുമാരുടെ സ്നേഹ സാക്ഷ്യങ്ങൾ,
ഓർമ്മയുടെ ഓളം വെട്ടവെ ഞാനാശിച്ചു പോയി.
നാളത്തെ നബിദിന പരിപാടികളിൽ സ്നേഹത്തിന്റെ വർണ്ണ തോരണങ്ങൾ പിടിച്ച് പനനീർ പൂവിന്റെ പുഞ്ചിരി പൊഴിച്ച് കൊതിയൂറുന്നൊരു മിഠായി മധുരവുമായി
എന്റെ
സൻഫീർ കടന്ന് വന്നെങ്കിലെന്ന്

---------------------------------
സത്താർ കുറ്റൂർ


No comments:

Post a Comment