Saturday, 20 February 2016

ൻറെ സൈദും.... പിന്നെ അദ്രമാനും...


വൃശ്ചികമാസ കുളിരിൽ മൂടിപ്പുതച്ചുറക്കം! നാലഞ്ചു തവണ ഉമ്മ വന്ന് വിളിച്ചു, ഉണർന്ന് തിരിഞ്ഞു കിടന്നു.
തണുപ്പ് കൂടിയപ്പോൾ വീണ്ടും ഉടുത്തിരുന്ന കള്ളിത്തുണി തലയിലൂടെ മൂടി വീണ്ടും ഉറങ്ങി.
അദ്രാമാനേ.... ൻറെ സൈദിൻറ വിളി കേട്ട് ഞെട്ടിയുണർന്നു. അതങ്ങിനെയാണ് ൻറെ സൈദ് എവിടെ നിന്ന് വിളിച്ചാലും ആ വിളി എൻറെ അടുത്തെത്തും!
കേതോലയൊലിച്ച മുഖവുമായി മുറ്റത്തേക്കിറങ്ങിയപ്പോൾ ഞാൻ കണ്ടു, ൻറെ സൈദ് കരയുന്നു? എന്താടാ...? വിഷമത്തോടെ ഞാൻ ചോദിച്ചു. സൈദ് പൊട്ടിക്കരഞ്ഞു കരച്ചിൽ കണ്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാനും ഉഛത്തിൽ കരഞ്ഞു. കൂട്ടക്കരച്ചിൽ കേട്ട് ഉമ്മ വന്ന് ചോദിച്ചു, എത്താടാ അൻക്? ൻറെ സൈദ് കരച്ചിൽ നിർത്തിപ്പറഞ്ഞു ഉഊ ഉം. വിങ്ങിപ്പൊട്ടിയാണെങ്കിലും ൻറെ സൈദ് എന്നോട് കാര്യം പറഞ്ഞു, സ്ലൈറ്റ് പെൻസിലിൻറെ കഷ്ണം കാണാനില്ല!
സാരമില്ല നെലോൾച്ചണ്ട ഞാൻ ആശ്വസിപ്പിച്ച് മുഖം കഴുകാൻ പോയി. പ്രാധമിക കർമ്മങ്ങളൊക്കെ കഴിച്ച് തലേദിവസം കൂട്ടിയിട്ട ചമ്മലിന് തീ കൊടുത്തു. മരം കോച്ചുന്ന തണുപ്പിനിടയിൽ ചൂട് തട്ടുമ്പോൾ നല്ല സുഖം!
ചായകുടി കഴിഞ്ഞ് മദ്രസ്സയിലേക്ക് പുറപ്പെട്ടു, ഇടവഴിയിൽ വെച്ച് ൻറെ സൈദ് പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്, വെള്ളിയാഴ്ച നൊട്ടിൻറോട ഉൽസവമാണത്രേ!
വെള്ളിയാഴ്ച വൈകുന്നേരം ഞാനും ൻറെ സൈദും നൊട്ടിൻറോട്ക് പോയി. ഒറച്ച്ലും വരവും ഇപ്പൊ ബെരും ന്ന് പൂക്കയിൽ മൈമാലി പറഞ്ഞു.
ചെണ്ട മേളം അടുത്ത് വരുന്നു... കതർകുലയേന്തിയ കുടം ഒരു കുട്ടി തലയിലേറ്റി മുന്നിൽ, ൻറെ സൈദ് പറഞ്ഞു നോക്കണ്ണീ ആരാത്...? ഞാൻ സൂക്ഷിച്ച് നോക്കി സുപ്രണ്യൻ... നൊട്ടിൻറെ പേരക്കുട്ടി! ഉറച്ചിൽകാർ അമ്പലത്തിൻറെ ചുറ്റും നടക്കുന്നു... മുടിയഴിച്ചിട്ട കോമരങ്ങൾ തുള്ളുന്നതിനിടയിൽ നെറ്റി വെട്ടിപ്പൊളിക്കുന്നു.. ചോര ഇറ്റി വീഴുന്നു... ൻറെ സൈദ് എന്നെ മുറുക്കിപ്പിടിച്ചു,പെട്ടെന്ന് ൻറെ സൈദ് പിടി വിട്ട് താഴവീണു??? ൻറെ സൈദേ.. ഞാൻ അലറി, ആരൊക്കെയോ താങ്ങിയെടുത്ത് സൈദിനെ വീട്ടിലേക് കൊണ്ടു പോയി. കൂടെ ഞാനും.
ൻറെ സൈദിനെ വെള്ളം കുടഞ്ഞപ്പോൾ കണ്ണ് തുറന്നു... എന്തൊ തിരയുന്ന പോലെ തോന്നിയപ്പോൾ സൈദിൻറ ഉമ്മ ചോദിച്ചു,ബാവാ ജ് എത്താ തെരീണ്? വിതുമ്പിക്കൊണ്ട് ൻറെ സൈദ് പറഞ്ഞു അദ്രാമാൻ.... ൻറെ സൈദിൻറെ ഉമ്മ എന്നെ പിടിച്ച് ൻറെ സൈദിനോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു, ദാ അൻറെ അദ്രാമാൻ...
ൻറെ സൈദ് പറഞ്ഞു ജ് ഞ്ഞ് നൊട്ടിൻറോട്ക് പോണ്ടാ. ഞാൻ മൂളി. ൻറെ സൈദ് ന്നോട് പോണ്ടാന്ന് പറഞ്ഞാൽ പിന്നെ ഞാനില്ല.
കുന്നാഞ്ചീരിപ്പള്ളിക്കലെ മോല്യേരട്ത്ന്ന് ആരോ നൂൽ മന്തിരിച്ച് കൊടുന്നു കയ്യിൽ കെട്ടി. ഞാൻ തിരിച്ച് പോന്നു. മുട്ടായി ചുട്ണ മണം മൂക്കിലേക്ക് തുളച്ച് കയറുന്നു.... നേരെ വീട്ടിലേക് പോയി.
നേരത്തെ കിടന്നുറങ്ങി.
രാവിലെ ഉമ്മ ഉരുട്ടി വിളിച്ചപ്പോഴാണ് ഞനെണീറ്റത്.. പുറത്തേക്ക് നോക്കി നല്ല മഞ്ഞ്... കൂട്ടിയിട്ട ചമ്മല് കത്തുകയില്ലല്ലോ ന്നോർത്ത് അടുപ്പിനരികെ കൂടി. നല്ല ചൂട്.
ഉമ്മ പറഞ്ഞു സേൽബിന ആസ്പത്രീക് കൊണ്ടൈക്ണേലോ... ൻറെ സൈദി നെന്തു പറ്റി? അപ്പോഴാണ് മറിയുമ്മ താത്ത വീട്ടിലേക് കയറി വന്നത്( ൻറെ സൈദിൻറെ സഹോദരി, ഞങ്ങളുടെ ഇമ്മു, ഇമ്മൂന് എൻറെ ഉമ്മയാണ് മുല കൊടുത്തിരുന്നത്) അദ്രാമാനോട് കുന്നും പുറത്തെ ശാന്തി ആസ്പത്രീക്ക് ചെല്ലാൻ പറഞ്ഞ്ക്ക്ണ്...
ഞാനും എൻറെ ഉമ്മയും കൂടി ആസ്പത്രീലേക് പോയി. ഒരാഴ്ചയേ ഉൽഘാടനം കഴിഞ്ഞിട്ടായിട്ടുള്ളൂ. 
ആസ്പത്രീൽ രോഗിയായി ൻറെ സൈദ് മാത്രം! ൻറെ സൈദിനെ പരിചരിക്കാൻ ആറ് നഴ്സുമാർ! ഗുളികകൾ മൽസരിച്ചെന്നോണം വാരിക്കോരി കൊടുക്കുന്നു! എത്ര നേരമെന്നോ എത്ര വീതമെന്നോ ഒരു കണക്കുമില്ല! 
ൻറെ സൈദിൻറെ കടുത്തപനിക്ക് ഒരു കുറവുമില്ല.ഡോക്ടർ ദിവസം ഇരുപത്തഞ്ച് തവണയെങ്കിലും പരിശോധിക്കും വേറെ രോഗികളില്ലല്ലോ!
ൻറെ സൈദിൻറെ ജ്യേഷ്ടൻ പറഞ്ഞു ഞമ്മള് ബേറെ എങ്ങോട്ടെങ്കിലും കൊണ്ടോക്വാ...
പിറ്റന്ന് ൻറെ സൈദിനെ അരവിന്ദാക്ഷൻറടുത്ത് അഡ്മിറ്റാക്കി. ഒറ്റ ദിവസം കൊണ്ട് ൻറെ സൈദിൻറെ അസുഖം മാറി. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടർ റൂമിൽ വന്നപ്പോൾ എന്നെ ചൂണ്ടി ൻറെ സൈദിൻറെ ഉമ്മ പറഞ്ഞു ഇബ്ൻറെ ഉറ്റ ചെങ്ങായിയാ... അത് കേട്ടപ്പോൾ അരവിന്ദാക്ഷൻറെ ഒരു കമൻറ്.. ചെങ്ങായിക്ക് കാലിൽ തണ്ട യൊന്നുമില്ലേ?
പിറ്റേന്നാണറിഞ്ഞത് കുന്നുംപുറത്തെ ആസ്പതരീല് ൻറെ സൈദിനെ ചികിൽസിച്ചത് വ്യാജ ഡോക്ടറായിരുന്നത്രേ!?
അന്നു തന്നെ ആസ്പത്രി പൂട്ടി.!
-------------------------------------------------

എം.ആർ.സി അബ്ദുറഹിമാൻ

No comments:

Post a Comment