Sunday, 21 February 2016

എൺപതുകളുടെ അവസാനത്തിൽ....

എൺപതുകളുടെ അവസാനത്തിലാണെന്ന് തോന്നുന്നു ചെറുശ്ശേരി ഉസ്താദ്‌ ആഴ്ചയിൽ ഒരു നാൾ സ്ഥിരമായി നമ്മുടെ കുറ്റൂരിലൂടെ നടന്ന് പോയിരുന്നത്‌ ഇവിടെ അനുസ്മരിക്കപ്പെട്ടിട്ടുണ്ട്‌. കയ്യിലൊരു ബാഗും തൂക്കിപ്പിടിച്ച്‌ വിനയത്തോടെ ആ പണ്ഡിത ശ്രേഷ്ടൻ നടന്നകലുന്നത്‌ ഏതൊരാളും വളരെ ബഹുമാനത്തോടെ മാത്രമേ നോക്കിനിന്നിട്ടുണ്ടാവൂ. ഒരുപാട്‌ തവണ ഞാനും അതിനു സാക്ഷിയായിട്ടുണ്ട്‌. ചുറ്റുവട്ടത്ത്‌ ആരുമില്ലാത്തിടത്ത്‌ വെച്ചാണു സമാഗമമെങ്കിൽ തിക്കും പൊക്കും നോക്കി കുട്ടിയായ ഞാൻ അദ്ദേഹത്തോട്‌ സലാം ചൊല്ലിയിരുന്നു. സലാം മടക്കി ചെറുശ്ശേരി നടത്തം തുടരുമ്പോൾ അത്‌ കേട്ട നിർവൃതിയിൽ ഞാനെന്റെ വഴിക്കും നീങ്ങും. ആ വേളകളിൽ ദിൿറുകളാൽ ചുണ്ടുകളനങ്ങാത്ത ഒരു ചെറുശ്ശേരിയെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹുജ്ജത്തുൽ ഇസ്ലാമിൽ ഒരു തവണ വഅളിനും വന്നതോർക്കുന്നു. ചെമ്മാട്‌ ദർസ്സ്‌ നടത്തുന്ന കാലത്ത്‌. ഏറ്റവുമധികം മുതഅല്ലിമീങ്ങളുള്ള ദർസ്സ്‌ ചെറുശ്ശേരിയുടേതായിരുന്നെന്നും അന്ന് കേൾവിയുണ്ടായിരുന്നു.
      മസ്ജിദുന്നൂറിൽ ഖാദിയായി നിശ്ചയിക്കുന്ന ചടങ്ങിലേക്ക്‌ ഉസ്താദിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കൊണ്ടുവരാനുള്ള ഭാഗ്യം കരീം മുസ്ല്യാർക്കൊപ്പം എനിക്കും ലഭിച്കു. ഒരു ജാഡയുമില്ലാതെ കരീം മുസ്ല്യാരുടെ ചോദ്യങ്ങൾക്കൊക്കെ മഹാനായ ആ പണ്ഡിതൻ വിനയത്തോടെ മറുപടി പറയുന്നത്‌ വിസ്മയത്തോടെ ഞാൻ കേട്ട്‌ നിന്നു.
      പണ്ഡിതോചിതമായിരുന്നു പ്രസംഗങ്ങളെല്ലാം. വെറുംവാക്ക്‌ പറയുന്ന ഏർപ്പാട്‌ ചെറുശ്ശേരി ഉസ്താദിനുണ്ടായിരുന്നില്ല. അഊദുവും ബിസ്മിയും ഓതുന്നത്‌ പ്രത്യേക രീതിയിലായിരുന്നു. മുഖവുര കൂടുതലൊന്നുമില്ലാതെ വിഷയത്തിലേക്ക്‌ കടന്ന് നാടൻ ഭാഷയിൽ തൽസംബന്ധമായ ഖുർആൻ, ഹദീസ്‌, പണ്ഡിത വചനങ്ങളുടെ ഒരു പ്രവാഹം! ഒരു വാചകം ഒഴിവാക്കാനുണ്ടാവില്ല.
       സമസ്തയെന്ന വിളക്കുമാടത്തിൽ പ്രകാശം പൊഴിച്ച്‌ നിന്ന ആ പൊൻവിളക്ക്‌ ഇന്ന് പുലർച്ചെ പൊലിഞ്ഞ്‌ പോയിരിക്കുന്നു- പരസഹസ്രം അനുയായികളെ തമസ്സിലാഴ്ത്റ്റ്‌ത്തിക്കൊണ്ട്‌. തതുല്യനായ കാര്യദർശിയെ അല്ലാഹു പകരം നൽകട്ടെ. ഗഫൂറും റഹീമുമായ അല്ലാഹു ചെറുശ്ശേരി ഉസ്താദിനു മഗ്‌ഫിറത്തും മർഹമത്തും നൽകട്ടെ. അദ്ദേഹത്തോടൊപ്പം നമ്മേയും അവന്റെ ജന്നതുൽ ഫിർദൗസിൽ ഒരുമിച്ച്‌ കൂട്ടട്ടെ.. ആമീൻ
 -------------------------------
അബ്ദുൽ ജലീൽ അരീക്കൻ 

No comments:

Post a Comment