കത്തിനെപ്പറ്റി പറഞ്ഞപ്പോഴാണ് പണ്ട് ഒരു കത്തയച്ച് പുലിവാലായത് ഓർമ്മ വരുന്നത്.
ചെറുപ്പം മുതലേ തപാൽ സംവിധാനം എന്നെ ആകർഷിച്ച ഒരു വിഷയമായിരുന്നു.
അന്ന് ഞാൻ പഠിക്കുന്നത് എട്ടാം ക്ലാസ്സിൽ. ഞാൻ മുൻകൈ എടുത്ത് ഞങ്ങളുടെ ക്ലാസ്സിൽ ഒരു തപാൽ സംവിധാനം ഉണ്ടാക്കിയിരുന്നു.
അരീക്കൻ സിദ്ദീഖായിരുന്നു അന്നത്തെ പോസ്റ്റുമാൻ! കത്തുകളും പാർസലുകളുമൊക്കെ അയക്കാറുണ്ടായിരുന്നു.
വെന്നിയൂരിലെയും തിരൂരങ്ങാടിയിലെയും വേങ്ങരയിലെയുമൊക്കെയുള്ള കുട്ടികൾ എൻറെ ക്ലാസ്സിലുണ്ടായിരുന്നു.
അന്നും പതിവുപോലെ ക്ലാസ്സിലെ ഇടവേളയിൽ ഞാനൊരു പാർസൽ തയ്യാറാക്കി. ഭാരം കുറഞ്ഞ വീതിയുള്ള ഒരു പൊതി!
കിട്ടേണ്ട ആളിൻറെ മേൽശിലാസം എഴുതിയിരുന്നില്ല. ഫ്രം അഡ്രസ്സ് ഭംഗിയായിതന്നെ എഴുതിയിരുന്നു.
പോസ്റ്റുമാനെ ഏൽപിക്കുന്നതിനു മുമ്പുതന്നെ പ്യൂൺ(എൻറെ ജ്യേഷ്ടൻ) രണ്ട് ബെല്ലടിച്ചു. പാത്താം ബിട്ടു!
നാലുപേർക്ക് വെള്ളമില്ലാതെ ഒരേസമയം മൂത്രമൊഴിക്കാം. ബാക്കിയള്ള ആയിരത്തിൽപരം കുട്ടികൾ ഊഴവും കാത്ത് നിൽക്കും.
ബെല്ലടികേട്ടതും പാർസൽ എൻറെ പുസ്തകങ്ങൾക്കടിയിൽ വെച്ച് ഞാനോടി. കിഴക്കേ മൂലയിലെ പൊന്തക്കാട്ടിൽ മൂത്രമൊഴിച്ചു. സമയം പിന്നെയും ബാക്കി... ഗൈറ്റിനടുത്തേക്കോടി. അന്ന് നടക്കാറല്ലായിരുന്നു.. ഓട്ടം മാത്രം. കടയിലെ മിഠായി ഭരണിയലേക്ക് ദൂരെനിന്ന് നോക്കി സായൂജ്യമടഞ്ഞു.
വീണ്ടും ബെല്ലടിച്ചു. കുട്ടികൾ ക്ലാസ്സിലേക്കോടി, കൂടെ ഞാനും.
ക്ലാസ്സിൻറെ മുന്നിലെത്തിയപ്പോൾ സെക്കൻറ് ഹെഡ്മാസ്റ്റർ D.രാജഗോപാൽ സാറും കുറേ കുട്ടികളും ക്ലാസ്സിനു മുന്നിൽനിൽക്കുന്നു. ഞാനടുത്തെത്തിയപ്പോൾ ഒരുകുട്ടി എന്നെ ചൂണ്ടിപ്പറഞ്ഞു, ദാ അവൻ വരണുണ്ട്..
മാഷെന്നെ പിടിച്ചിട്ട് ചോദിച്ചു, നിൻറെ പേരെന്തടാ..? വിറയാർന്ന സ്വരത്തിൽ മറുപടി പറഞ്ഞു അബ്ദുറഹിമാൻ. മാഷിൻറ കയ്യിൽ എൻറെ പാർസൽ ഞാൻ കണ്ട് ഞെട്ടിപ്പോയി. മാഷ് എൻറെ കൂടെ വാ എന്ന്പറഞ്ഞ് മുന്നിൽ നടന്നു പിന്നിൽ ഞാനും.
നേരെ സ്റ്റാഫ്റൂമിലേക്ക്. അവിടെ മറ്റ് അദ്ധ്യാപകരാരുമുണ്ടായിരുന്നില്ല.
പെട്ടെന്നാണ് അവിടേക്ക് ഒരാൾ കയറിവന്നത്. ഞാൻ ഞെട്ടിപ്പോയി! KT ആലിക്കുട്ടി മാസ്റ്റർ.
നിങ്ങളിവനെ അറിയുമോ മാഷിൻറെ ചോദ്യം. അതെ ഇവൻ MRC യുടെ അനുജനാണെന്ന് പറഞ്ഞു(അന്ന് ഞാൻ MRC യുടെ അനുജനായിരുന്നു!
ആലിക്കുട്ടി മാഷ് പുറത്തേക്കിറങ്ങിയതും എൻറ ചന്തിയിൽ ആദ്യ അടിവീണു. നീ പെൺകുട്ടികൾക്ക് പാർസലയക്കുമല്ലേ എന്ന ചോദ്യം ചോദിച്ച് കൊണ്ട് അടി സ്പീടിലാക്കി മാഷ്. എത്ര അടി കിട്ടിയതിന് ഒരു കണക്കുമില്ല. സാഹചര്യ തെളിവുകളെല്ലാം എനിക്കെതിര്. സത്യത്തിൽ ഒരു പെൺകുട്ടിക്കും ഞാൻ പാർസൽ കൊടുത്തിട്ടില്ല.
ഞങ്ങളുടെ ക്ലാസ്സിനോട് ചേർന്നുള്ള ക്ലാസ് ഒമ്പതാം ക്ലാസ്സാണ്. അവിടെ രാജഗോപൽ സാറ് ക്ലാസ്സെടുക്കുന്നു. ബെല്ലടിച്ചിട്ടും മാഷ് ക്ലാസ്സ് നിർത്തിയിരുന്നില്ല. ഈസമയത്ത് എൻറെ ക്ലാസ്സിലെ ഒരു വിദ്വാൻ പാർസലെടുത്ത് ഒരാൾപൊക്കത്തിലുള്ള ചുമരിനു മുകളിലൂടെ ആ ക്ലാസ്സിലേക്കെറിഞ്ഞു. ഒരു പെൺകുട്ടിയുടെ തലയിലാണ് പാർസൽ വീണത്! ഉടനെ മാഷെ കയ്യിൽ കൊടുത്തു.
ഇനി ആവർത്തിക്കില്ലെന്ന് സത്യപ്രതിഞ്ജ ചെയ്ത് പുറത്തിറങ്ങി, വേദന സഹിച്ച് നടന്നു നീങ്ങുമ്പോൾ ഓർക്കുകയായിരുന്നു, എത്ര അടി കിട്ടി? ഒന്നു തപ്പി നോക്കിയ ഞാൻ വീണ്ടും ഞെട്ടി! ഒരു വലിയ തണർ മാത്രം! ഞാനോർത്തു, മാഷ് ഏകദേശം 15 അടിയെങ്കിലും കനത്തിൽ കിട്ടിയിട്ടുണ്ടാകും!
പിന്നീടാണ് എനിക്കാ സത്യം മനസ്സിലായത്.
മാഷ് തല്ലിലും B_ed എടുത്തിട്ടുണ്ടെന്ന്!
മാഷ് അടിച്ച ഓരോ അടിയും ഓരേ പോയൻറിലാണ് പതിച്ചത്!
------------------------------------------------------------------
എം.ആർ.സി അബ്ദുറഹിമാൻ
No comments:
Post a Comment