Sunday, 21 February 2016

ചെറുശ്ശേരി ഉസ്താദ്‌

എന്റെ വീടിന് മുന്നിലൂടെയുള്ള ഇടവഴിയിലൂടെ നടന്ന് പോയിരുന്ന ചെറുശ്ശേരി ഉസ്താദ്‌ കുഞ്ഞു പ്രായത്തിലേ എന്റെ കണ്ണിലുടക്കി നിന്നിരുന്നു. കറുത്ത് തിങ്ങിയ താടിയുള്ള ആ മുഖവും,
കയ്യിലെ കറുത്ത ബാഗും,
കുത്തിപ്പിടിക്കാൻ കൂടി ഉപയോഗിച്ചിരുന്ന കാലൻ കുടയും ,
തോളിലിട്ട പച്ച ഷാളുമെല്ലാം എന്റെ കുഞ്ഞു മനസ്സിൽ വലിയ കൗതുകവും അതോടൊപ്പം ആദരവും സൃഷ്ടിച്ചിരുന്നു .
അദ്ദേഹം നടന്ന് പോയിരുന്ന നാട്ടുവഴിക്കരികിൽ ചെന്ന് ആളുകൾ കൈ പിടിക്കുന്നതും പ്രായമുള്ളവരൊക്കെ കുശലം പറയുന്നതും കാണാമായിരുന്നു .വീടിന്റെ പൂമുഖത്തെ ചാരു കസേരയിലിരുന്ന് എന്റെ വല്ലിപ്പയാണെനിക്ക് ചെറുശേരി ഉസ്താദിനെ കുറിച്ച് ആദ്യമായി പറഞ്ഞ് തന്നത്.
ഉസ്താദ് നടന്ന് പോയിരുന്ന വഴിവക്കിലെ വേലിക്കരികിൽ ചെന്ന് എന്റെ വല്ലിപ്പ പിന്നീട് പലപ്പോഴും അവരോട് സംസാരിക്കുന്നതും കണ്ടിരുന്നു. ഞാൻ മദ്റസയിൽ പോവുന്ന വഴിയിലൂടെ തന്നെയായിരുന്നു ഉസ്താദും നടന്ന് പോയിരുന്നത്.
ഒരു മഗ് രി ബോടടുത്ത സമയം കടന്ന് വരുകയും സുബ്ഹി നിസ്കാരം കഴിഞ്ഞ് തിരിച്ച് പോവുകയും ചെയ്യുന്ന ഉസ്താദ് എന്റെ നാട്ടോർമയിലെ വിശുദ്ധിയാണ്.
കുത്തനെയുള്ള കയറ്റവും ഇറക്കവും കാടും തോടും ഇടവഴികളും കടന്ന് പാടവരമ്പത്ത് കൂടെയായിരുന്നു അദേഹമന്ന് നടന്ന് പോയിരുന്നത്.
ആരും ശ്രദ്ധിച്ചു പോവുന്ന ഗാഭീര്യം അന്നേ ആ മുഖത്തുണ്ട്.
ഒരു മദ്റസാ കുട്ടിയിൽ നിന്ന് എന്റെ ജിജ്ഞാസ വലുതായി പിന്നീട് അദ്ദേഹത്തെ വലിയ വേദികളിലും ആൾക്കൂട്ടങ്ങൾക്ക് നടുവിലും വെച്ചൊക്കെ കണ്ടു കൊണ്ടിരുന്നെങ്കിലും എന്റെ നാട്ടുപാതയിലൂടെ ആ കറുത്ത ബാഗും നിലത്ത് ഊന്നി പിടിച്ച കാലൻ കുടയുമായി
നടന്ന് വരുന്ന എന്റെ ചെറുശ്ശേരി ഉസ്താദിന്റെ മുഖത്തിനാണ്
എന്റെ ഓർമ്മകളിൽ എന്നും ശോഭയുണ്ടാവുക.
കുഞ്ഞു പ്രായത്തിൽ മനസ്സിൽ പതിഞ്ഞ
ഒരു
നൻമയുടെ നാട്ടു വെളിച്ചം പോലെ
ഞാൻ ഇന്നും അത് കൊണ്ട് നടക്കുന്നു.
---------------------------------------

സത്താർ കുറ്റൂർ

No comments:

Post a Comment