Sunday, 28 February 2016

കുരിക്കൾ മിതോണ്ടി മാസ്റ്റർ; ഒരു ദേശത്തിന്റെ അക്ഷര വെളിച്ചം

കുറ്റൂരിന്റെ വിദ്യാഭ്യാസ രംഗത്ത് മറക്കാനാവാത്ത ഗുരു ഓർമ്മയാണ് കുരിക്കൾ മിതോണ്ടി മാസ്റ്റർ.1914 ലാണ് അദേഹത്തിന്റെ ജനനം.
കമ്മുണ്ണിമോല്യാരുടെ കീഴിൽ  കുന്നാഞ്ചീരി പള്ളിയിലും ബീരാൻ മൊല്ലാക്കയുടെ ഓത്തുപളളിയിലുമായിരുന്നു സ്മര്യപുരുഷന്റെ പ്രാഥമിക പഠനം.
അക്കാലത്ത് നമ്മുടെ അടുത്തൊന്നും സ്കൂൾ ഉണ്ടായിരുന്നില്ല.
വേങ്ങര സ്കൂളിനെയായിരുന്നു നമ്മുടെ നാട്ടുകാർ ആശ്രയിച്ചിരുന്നത്.
അപൂർവ്വം ആളുകൾ മാത്രമെ ഇങ്ങനെ അയൽ പ്രദേശങ്ങളിൽ തുടർപഠനത്തിന് തയ്യാറാവൂ - അതിലൊരാളായിരുന്നു മി തോണ്ടി മാസ്റ്റർ .
വേങ്ങരയിലെ പഠനശേഷം മലപ്പുറത്ത് ഒരു വർഷത്തെ ട്രൈനിംഗും അദേഹം നേടി.
ഇതിന് ശേഷം നാട്ടിൽ അധ്യാപകനായി ചുമതലയേറ്റു.
താൻ അക്ഷരം പഠിച്ച ഓത്തുപള്ളിയിൽ നിന്ന് തന്നെ അധ്യാപന ജീവിതം തുടങ്ങി.
പിന്നീട് നമ്മുടെ നാട്ടിൽ സ്കൂൾ വന്നപ്പോൾ അവിടെയും സേവനം ചെയ്തു.
സ്കൂളിൽ ജോലിയേൽക്കുമ്പോൾ ഇദ്ദേഹത്തിന്റെ ശമ്പളം ഒൻപത് രൂപയായിരുന്നു.
ഇന്നത്തെ രീതിയിലുള്ള ആകർഷകമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ അന്നുണ്ടായിരുന്നില്ല.
അധ്യാപനംജോലിയായല്ല തീർത്തും സേവനമായാണ് അദേഹം നോക്കി കണ്ടത്.
സ്കൂളിലേക്ക് കുട്ടികളെ അയക്കാനും പഠനത്തിന്റെ പ്രാധാന്യം നാട്ടുകാര്യ ബോധ്യപ്പെടുത്താനും മിതോണ്ടി മാഷ്  ആത്മാർത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്.
സ്കൂൾ വിട്ട് വന്നാൽ കൃഷി പണിയിലും മറ്റ് ജീവിത ചുറ്റുപാടുകളിലും അദ്ദേഹം കർമ്മനിരതനായിരുന്നു.
വെറുതെ ഇരിക്കുന്നത് അദ്ദേഹത്തിനൊരിക്കലും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
മുപ്പത്തി അഞ്ച് വർഷം നീണ്ട തായിരുന്നു അദേഹത്തിന്റെ അധ്യാപന ജീവിതം. അതും സ്വന്തം നാട്ടിൽ.
ഇത് വഴി അറുനൂറോളം ശിഷ്യൻമാരെ ഇദേഹം വാർത്തെടുത്തു.
ജോലിയിൽ നിന്ന് പിരിയുമ്പോൾ ഇദ്ദേഹത്തിന്റെ ശമ്പളം അറുനൂറ് രൂപയായിരുന്നു -
ഒൻപത് രൂപയിൽ നിന്ന് തുടങ്ങിയതാണ് ഇതെന്നോർക്കണം.
ഇ എം എസ് സർക്കാരിന്റെ ഭരണകാലത്താണ് മിതോണ്ടി മാഷ് ജോലിയിൽ നിന്ന് പിരിയുന്നത് .
നൂറ് രൂപയായിരുന്നു. പെൻഷനായി ലഭിച്ചിരുന്നത്.
ഒരു വർഷക്കാലം മാത്രമാണ് റിട്ടയർമെന്റിന് ശേഷം ഇദേഹം ജീവിച്ചത്.
ഇതിനിടയിൽ 1973 ൽ പരിശുദ്ധ ഹജ്ജ് കർമ്മവും നിർവ്വഹിച്ചു.
അൾസറിന്റെ അസുഖം ഇദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.
അത് പിന്നീട് അർബുദമായി മാറി -
മേരിക്കുന്നിലും മെഡിക്കൽ കോളേജിലുമായി കുറച്ച് കാലം ചികിൽസ നടത്തി.
രണ്ട് ഓപ്പറേഷനുകൾക്ക് വിധേയമായി -
1974
ൽ തന്റെ അറുപതാമത്തെ വയസ്സിലാണ് ഇദേഹം മരണപ്പെട്ടത്.
ആ ഗുരുവര്യന്റെ പരലോകം സർവ്വ ശക്തൻ വെളിച്ചമാക്കട്ടെ

------------------------------------------
സത്താർ കുറ്റൂർ

എം.എം.മലബാരി; പറയാൻ ബാക്കി വെച്ചത്

മലബാരിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആ കുടുംബം സൗദി അറേബ്യയിൽ എത്തുന്നത് . വയനാട് മീനങ്ങാടിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ ഉമ്മ മരണപ്പെടുന്നത് .പിതാവ് മൊയ്തീന് മരക്കച്ചവടമായിരുന്നു, .അതിൽ നഷ്ടം വന്നു കടക്കെണിയിൽപ്പെടുകയും ചെയ്തു. ഇത് നികത്താൻ തൊട്ടടുത്ത പ്രദേശത്തെ ഒരു കുടുംബത്തിന്റെ അടുത്ത് നിന്ന് കടം വാങ്ങിയ കാശും പലിശയും കൊടുക്കാൻ കഴിയാതെ ഉള്ള വീടും, സ്ഥലവും നഷ്ട്ട്ടപ്പെട്ടാണ് നാട് വിട്ടതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് . [അണ്ണൻ പലിശയും ,മുത്തുറ്റും ,കാട്ടിലെ ബേങ്കും ,ഒന്നും ഇല്ലാത്ത ആ കാല ഘട്ടത്തിലും നമ്മുടെ നാട്ടിൽ പലിശ ഇടപാടുകൾ ഉണ്ടായിരുന്നു] ജേഷ്ടൻ മമ്മുട്ടി ഹാജിയായിരുന്നു കുറ്റുർ നോർത്തിൽ കുടുംബത്തിൽ ആദ്യ കാലത്ത് വന്നിരുന്നത് .അദ്ധേഹത്തിന്റെ മക്കൾ സൗദി പൗരൻമാരായി ദമ്മാമിൽ ഉണ്ട് .അവരൊക്കെ നന്നായി മലയാളം പറയും .തോട്ടശ്ശേരിയറയിലുളള ദമാം ഹാജി അടക്കം അവിടെയുളള കുറേ അളുകൾ മമ്മുട്ടി ഹാജിയുടെ മകൻ അഹമ്മദിന്റെ ഗഫാലത്തിലാണ് .2 മാസം മുമ്പ് അദ്ധേഹം തോട്ടശേരിയറയിൽ കുടുംബ സമേതം വന്നിരുന്നു .കുട്ട്യാലി ഹാജിയുടെ കൂടെ ഞാനും പോയി കണ്ടിരിന്നു . ആദ്യ വരുത്തിൽ വേങ്ങരയിൽ എത്തിയ മുഹമ്മദാജിയെ കുട്ട്യാലി ഹാജി ഇസ്മത്തിനടുത്ത് താമസ സൗകര്യം ഏർപ്പെടുത്തി കൊടുത്തു എന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. സഞ്ചരിക്കാൻ കളളിയത്ത് ബാപ്പു ഹാജിയുടെ കാറും [ബാപ്പു ഹാജിയും ,AKH ഉം കൂടിയാണ് കുറ്റൂരിൽ ആദ്യമായി കാറ് ഇറക്കിയത് ഈ കാറിനെ"ആമത്തോട്" എന്നാണ് വിളിച്ചിരുന്നത് മലബാരിയുടെ ഓട്ടത്തിന്റെ വാടക കൂട്ടിയപ്പോൾ കാറിന് പകുതി മുടക്കി കൊടുത്തതിനേക്കാൾ അയത്രേ അങ്ങിനെ AKH ന് കാറിന്റെ ഷെയർ നഷ്ട്ട്ടപ്പെട്ട ഒരു കഥയുണ്ട് ] മലബാരി നാട്ടിൽ വരുമ്പോഴുളള സഹായം പലർക്കും അശ്വാസമായിരിന്നു .ഒരിക്കൽ AKH ന്റെ വീട്ടിൽ വന്നപ്പോൾ ഹുജ്ജത്തുൽ ഇസ്ലാം മദ്റസ്സയിലെ എല്ലാ കുട്ടികൾക്കും ഒരു രൂപയുടെ നോട്ട് കിട്ടി. 1' 2, 3 ,5 ,10 പൈസകൾക്ക് സാധനങ്ങൾ വാങ്ങിയിരുന്ന കുട്ടികൾക്ക് ഒരു രൂപ നോട്ട് വലിയ അൽഭുതമായിരുന്നു. തിരൂരിൽ വെച്ച് മലബാരി ആക്രമണത്തിനിരയായ ഒരു സംഭവവുമുണ്ട്.
ജിദ്ധയിൽ സേട്ടു സാഹിബ് MP ക്ക് നാട്ടിലെ പോലെ പുറത്ത് പൊതുസമ്മേളനം നടത്തി സ്വീകരണം കൊടുക്കാൻ മലബാരിയുടെ ശ്രമഫലമായി കഴിഞ്ഞിരുന്നു .ഇദ്ദേഹത്തിന്റെ സൗദി പൗരൻമാരായ മക്കൾ ജിദ്ധയിലുണ്ട്.
-----------------------------------------------------
അരീക്കൻ അബ്ദുലത്തീഫ്

Friday, 26 February 2016

നിങ്ങൾ കേട്ടിട്ടുണ്ടോ..... കുറ്റൂർ കാരനായ അറബ് പൗരനെ കുറിച്ച്?

നമ്മുടെ നാട്ടിലെ പ്രവാസികളിൽ അറബ് പൗരത്വം കരസ്ഥമാക്കിയ കുടുംബമാണ് അരീക്കൻ മുഹമ്മദാജിയുടേത്.
ഇദേഹം എം എം .മലബാരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇവരുടെ കുടുംബവീട് കാട്ടിൽ തൊടുവിലായിരുന്നു.
മുട്ടുംപുറത്തിന്റെ യും
കടപ്പൻ ചാലിന്റെയും ഇടക്കായിരുന്നു ഈ സ്ഥലം.
പിതാവിന്റെ പേര് മൊയ്തീൻ .
ഇദേഹം മലബാർ കലാപകാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
സേലം സെൻട്രൽ ജയിലിൽ.
ഇദേഹത്തിന് രണ്ട് ആണും ഒരു പെണ്ണുമായിരുന്നു
മക്കളായുണ്ടായിരുന്നത് .
പെൺകുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
മുഹമ്മദ് ഹാജിയുടെ ജേഷ്ട സഹോദരനാണ് മമ്മൂട്ടി ഹാജി.
ഇവർ കുടുംബ സമേതം നമ്മുടെ നാട്ടിൽ നിന്ന് വയനാട്ടിലെ മീനങ്ങാടിയിലേക്ക് താമസം മാറ്റി.
അവിടെ നിന്നാണ് ഗൾഫിലേക്ക് പോയത്.
അക്കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് ആരും ജോലി ആവശ്യാർത്ഥം ഗൾഫിലെത്തിയിരുന്നില്ല.

ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ച നാട്ടുകാർ വരെ വളരെ അപൂർവ്വമായിരുന്നു.
അക്കാലത്ത് ഹജജിന് പോയ നാട്ടുകാരെ പരിചരിക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യമാണ് കാണിച്ചത്.
ഇദേഹത്തിന്റെ പിതാവ് മൊയ്തീൻ ഗൾഫിൽ വെച്ചാൺ മരിച്ചത്.
പിന്നീട് ജേഷ്ട സഹോദരൻ മമ്മൂട്ടി ഹാജിയോടൊത്ത്
വിപുലമായ ബിസിനസ് സാമ്രാജ്യങ്ങൾ മുഹമ്മദാജി വളർത്തിയെടുത്തു -
പിന്നീട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ
കുട്ട്യാലി ഹാജിയോടൊപ്പം വേങ്ങര ഇസ്മത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ഈ വേള ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്താനും പഴയ നാട്ടു സൗഹ്യദങ്ങളെ തേടിപ്പിടിക്കാനുമാണ് ഇദേഹം ചെലവഴിച്ചത് -
അദേഹത്തിന്റെ കൂടെ സൗദിയിലുണ്ടായിരുന്ന പാലാടൻ മുഹമ്മദാജിയാണ്
ഈ പുന:സമാഗമത്തിന് വഴിയൊരുക്കിയത്.
തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി ,പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മുഹമ്മദാജി വിവാഹം കഴിച്ചു .
പാവങ്ങളെ സഹായിക്കുന്നതിലും നാട്ടിലെ പൊതു കാര്യങ്ങളിലും ഇദേഹം ഏറെ തൽപ്പരനായിരുന്നു .തിരൂരങ്ങാടി, ചേറൂർ യതീംഖാനകൾക്ക് ഏറെ ധന സഹായങ്ങൾ നൽകി .
ചെമ്മാട് സലഫി മസ്ജിദ്
മുഹമ്മദാജി നിർമ്മിച്ച് നൽകിയതാണ്.
അതുപോലെ മഞ്ചേരി ,നിലമ്പൂർ, മലപ്പുറം, പരപ്പനങ്ങാടി, പാലക്കാട്, തുടങ്ങിയ പ്രദേശങ്ങളിലും ഇദേഹം പള്ളികൾ നിർമിച്ച് കൊടുത്തിട്ടുണ്ട്.
അതുപോലെ നമ്മുടെ ഊക്കത്ത് ജുമാ മസ്ജിദിനും ഇദേഹത്തിന്റെ ഉദാരമായ
സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
ബന്ധുക്കൾക്കും നാട്ടുകാർക്കും ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ
കുറ്റൂർ കാരുടെ പ്രവാസ ജീവിതത്തിൽ അരീക്കൻ മുഹമ്മദാജി എന്ന എം.എം.മലബാരിക്ക്
നിർണ്ണായക സ്ഥാനമാണുള്ളത്
-----------------------------------------
സത്താർ കുറ്റൂർ

'''''പ്രവാസി''' യെന്ന ഓമനപ്പേര്



ചോർന്നൊലിക്കുന്ന തൻെറ വീടിൻെറ ഉമ്മറത്തിരുന്ന് ബിയ്യാത്തുമ്മ മകനേ നീട്ടിവിളിച്ചു ഉമറേ എടാ ഉമറുട്ടീ മഴയുടേ അർത്തിരമ്പുന്ന കോലാഹലത്തിൽ ആ ഉമ്മയുടെ വിളി വീട്ടിൽനിന്നിറങ്ങിയ ഉമറുട്ടിയുടേ കാദിലേക്കെത്തിയില്ല. അവൻ നടത്തം തുടർന്നു അലക്ഷൃമായിരുന്നു അവൻെറ നടത്തം. വീട്ടിലെ പ്രാരാപ്തമായിരുന്നു വർഷങ്ങൾക്ക് മുംമ്പേ നാലാക്ളാസിൽ പഠിത്തം നിർത്താൻ പ്രേരിപ്പിച്ചത് പഠിക്കാൻ നന്നേമിഠുക്കനായിരുന്നു അവൻ പറഞ്ഞിട്ടെന്തുകാരൃം തൻെറ താഴെയുളള അനിയൻമാരെ പഠിപ്പിച്ച് വലിയവരാക്കണം അനിയത്തിമാരെ കെട്ടിച്ചയക്കണം ഉപ്പയുടേ വാർദ്ദകൃ മായിട്ടും അവസാനിക്കാത്ത അദ്ധ്വാനത്തിന് ഒരു അറുതിവരുത്തണം ചോർന്നൊലിക്കുന്ന വീടൊന്ന് പുതുക്കിപ്പണിയണം ഒരു നൂറായിരം കടംമ്പകൾ ചാടിക്കടക്കനുണ്ടവന്.പഠിത്തം നിർത്തിയ അന്നുമുതൽ വാപ്പാനേ ചായക്കടയിൽ സഹായിച്ചും അവന് അറിയുന്നതും അറിയാത്തതുമായ ഒരു പിടിപണികൾ അവൻ ചൈതുനോക്കി അന്നന്നത്തേ ചിലവുകൾഒഴിച്ച് തൻെറ മുന്നിലേ ലക്ഷൃത്തിലേക്കെത്താൻ ഇനിയും ദൂരം ഒരുപാട്താണ്ടണമെന്നവന് തോന്നീയതാവാം അവൻ മറുനാട്ടിലേക്ക് വണ്ടികയറാൻ തീരുമിനമെടുത്തത്....
അറേബൃൻ മണലരണൃം ലക്ഷൃമാക്കി ബോംബേയിലേക്കവൻ വണ്ടികേറി ആയാത്ര പക്ഷേലക്ഷൃം കണ്ടില്ല ചെയ്യാവുന്നതും അറിയാവുന്നതുമായ പണികളൊക്കേ ചെയ്ത് ബോബേ മഹാനഗരത്തിൽ കഴിയുംമ്പോയും അവൻെറ മനസ് അങ്ങകലേ കഥകളിൽ മാത്രം കേട്ട പണം കായ്ക്കുന്ന മരങ്ങളും നീണ്ട്നിവർന്ന് കിടക്കുന്ന എണ്ണപ്പാടങ്ങളുമുളള മണലാരണൃത്തേകുറിച്ചായിരുന്നൂ
ചെയുന്ന ജോലിയുടേ കാഠിനൃംഎത്രത്തോളമായിരുന്നാലും അവൻ എല്ലാം ക്ഷമിച്ച് വീട്ടിലുളളവരേകുറിച്ചോർത്ത് അതിൽ ഒരാന്തംകണ്ടെത്താൻ ശ്രമിച്ചൂ....
കാലംത്തിൻെറ ചക്രങ്ങൾതിരിയുന്നതോടൊപ്പം ഉമറുട്ടി ഒരു ബലൃ ഉമറുട്ടിയായി അവൻ നാട്ടിലേക്കൊരു മടക്കംകൊതിച്ചു.. അവൻ ഉളളസംമ്പാദൃവൂം തട്ടിക്കൂട്ടി നാട്ടിലേക്ക് വെച്ച്പിടിച്ചു. വീട്ടിലേ നിലക്ക് കുറച്ചൊരുമാറ്റംവന്നത് അവൻെറമനസിനേ വല്ലാതേ സംന്തോഷിപ്പിച്ചൂ.ദിവസങ്ങൾ പടിവാതിൽക്കകൽ അമാന്തിച്ചു നിൽക്കാതേ കടന്ന്പോയ്ക്കൊണ്ടിരുന്നു
ആഇടക്കാണ് വീട്ടുകാരുടേ നിർബന്ധത്തിനുമുംമ്പിൽ മുട്ട്മടക്കി ഉമ്മാക്കും ഉപ്പാക്കും മരൂമകളായൂം പെങ്ങമ്മാർക്കൊരു നാത്തൂനായും അനിയൻമാർക്കൊരു ഏട്ടത്തിയായും കുൽസു അവൻെറ ജീവിതസഖിയായത്.കുൽസു അത്രവലിയ ഹൂറിയൊന്നുമല്ലെങ്കിലും അവനവളൊരു കൊച്ചു ഹൂറിതന്നേആയിരുന്നു. അവളോടൊപ്പമുളള മധുവിധുനാളുകൾക്ക് വിരാമമെന്നോണം അവന് ആസ്വപ്നഭൂമിയിലേക്ക് കൂട്ടുകാരൻെറ രൂപത്തിൽ വിളിയാളംവന്നൂ. അവൻ നിർത്തിയേടത്തുനിന്ന് തുടങ്ങാൻ എല്ലാവരുടേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായ് അവൻെറ ആനന്തങ്ങൾക്ക് തൽക്കാലവിരാമമിട്ട്കൊണ്ട് അവൻ യാത്രതുടർന്നൂ...
ഉമറുട്ടി കേട്ടകഥയിലേ പണംകായ്ക്കുന്നമരമോ പുഴപോലെ ഒഴുകുന്ന എണ്ണപ്പാടമോ അവിടെകണ്ടില്ല. അവൻ രാവെന്നോപകലെന്നോനോക്കാതേ തൻെറലക്ഷൃത്തിലേക്കുളള യാത്രയിൽ ഒരുപാട വട്ടമൊന്നും കുൽസുവിനോടൊപ്പം ജീവിച്ചില്ലേലും ഇടക്കൊക്കേ വന്നുപോന്നത്കൊണ്ട് മക്കളവർക്കിന്ന് നാലെണ്ണം പടച്ചവൻകനിഞ്ഞു നൽകീ. പത്തിരുപത് വർഷം പിന്നിട്ടപ്പോയുംആ വർങ്ങളത്രയും തൻെറ കുടുംമ്പത്തിൻെറ സ്വപ്നങ്ങൾ പൂവണിഞ്ഞതിൽ അവൻ ആനന്ദം കണ്ടെത്തീ. അവനോടൊപ്പംകൊണ്ട് വന്നവൻ അനിയൻമാരെയും നല്ലനിലയിലത്തിച്ചു അവർക്കും കുടുംമ്പവും കുട്ടികളുമായി. മൂന്ന് പെങ്ങൻമാരെ നല്ലനിലയിൽ കെട്ടിച്ചയച്ചൂ വീട് പുതുക്കിപ്പണിതു ഉമ്മാൻെറയും ഉപ്പാൻെറയൂം ഹജ്ജെന്നസ്വപ്നം നിറവേറ്റി അതിനിടയിൽ അവൻ അവനുവേണ്ടി ഒരു ചെറിയ വീടും പണിതു കുൽസുവിനേയും മക്കളേയും അതിൽകുടിയിരുത്തീ...
ഏതൊരുപ്രവാസിയേയുംപോലെ അവനും കൊതിച്ചൂശിഷ്ടകാലം തൻെറ പച്ചപ്പുളള തോടും പാഠവും മഴയും പുഴയുമുളളനാട്ടിൽ കഴിയാൻ. മടങ്ങാൻ അവൻ തയ്യാറെടുത്തൂ ജീവിതമത്രയും കഷ്ടപ്പെട്ടും അവന് ബാക്കിയായത് കുടുംമ്പം കരകേറിയെന്ന ആത്മനിർവൃതിമാത്രമായിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് നല്ലകൊഴ്ചകൾ മാത്രമായിരുന്നു. അനിയൻമാരൊക്കേ തന്നേക്കാൾസാമ്പത്തികമായി ഒരുപാട് വളർന്നിരി്ക്കുന്നകായ്ച ആയാളുടേ മനസിനേ വല്ലാതേ സന്തോഷിപ്പിച്ചൂ അവൻ തിരിച്ചൊന്നും ആഗ്രഹിക്കാതേ ചൈതത്കൊണ്ടാവാം ഉമറുട്ടിയുടേ നിഷ്കളങ്കമനസും ഒന്നും ആഗ്രഹിക്കാതേ കാലം ഓരോ ഗൾഫ്കാർക്കും ചാർത്തിനൽകുന്ന '''''പ്രവാസി'''യെന്ന ഓമനപ്പേരും വാങ്ങി ഉമറുട്ടീ തൻെറ പ്രിയ കുൽസുവിൻെറയും മക്കളുടേയും അടുത്തേക്ക് തിരിച്ചു നടന്നൂ.....
---------------------------------------------
അദ്നാൻ അരീക്കൻ

Thursday, 25 February 2016

അഞ്ചാം നമ്പർ പന്ത്



പിരിവുകൾ തകർക്കുന്നു 5 രൂപയും 10 രൂപയും അതിൽ കൂടുതൽ എടുക്കാൻ കഴിയുന്നവർ അങ്ങിനെയും ഒക്കെ എടുക്കുന്നു ...
കൊല്ല പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടി
അങ്ങിനെ ഒരു അവധി കാലം തുടങ്ങുകയായി പാടവും പറമ്പും കളികളങ്ങളായി മാറി തുടങ്ങി എവിടെ നോക്കിയാലും കളികൾ മാത്രം ക്രിക്കറ്റും ഫുട്‌ബോളും അങ്ങിനെ പലതരം കളികളാൽ നിറഞ്ഞു നാട് മുഴുവനും ..
ആരവങ്ങൾക്കിടയിൽ നിലപറമ്പിലെ ഒരു കൂട്ടം യുവാക്കളും കൊടുവാപടത്തു ഒരു ഫുട്‌ബോൾ മൈതാനം തയ്യാറാക്കിയിരുന്നു രണ്ടു ഭാഗത്തും മുള കൊണ്ട് ഉള്ള കിടിലൻ പോസ്റ്റുകൾ കളിക്കളം ചെത്തി കോരി കളിക്ക് അനുയോജ്യമായ രീതിയിൽ പകപ്പെടുത്തിയിരിക്കുന്നു ...എല്ലാം തയ്യാർ അകെ യുള്ള പ്രശ്നം ഒരു നല്ല പന്ത് ഇല്ല എന്നതാണ്
അതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു പിരിവു തുടങ്ങി പേരിനു ഒരു ക്ലബ്ബ് ഉണ്ട് അതിൽ ഒരു പാട് അംഗങ്ങളും ഉണ്ട് പലതരത്തിൽ പിരിവു പുരോഗമിച്ചു ...ഒരു അഞ്ചാം നമ്പർ പന്ത് വാങ്ങാനുള്ള പൈസ ആയപ്പോൾ എല്ലാവരും കൂടി പൈസ മുതിർന്ന കുറെ പേരെ ഏൽപ്പിച്ചു ..ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു തല മുതിർന്ന കുറച്ചു പേര് പൈസയും കൊണ്ട് കൊണ്ടോട്ടിക്കു പോയി പന്ത് വാങ്ങാൻ... വൈകിട്ട് എല്ലാവരോടും കൊടുവാപാടത്തേക്ക് ഇറങ്ങാൻ പറഞ്ഞു പന്തുമായി ഞങ്ങൾ അവിടെ എത്തും ....
ആകാംക്ഷയുടെ നിമിഷങ്ങൾ
എല്ലാവരും പാടത്തു എത്തി പുതിയ പന്തിൽ കളിക്കാൻ എല്ലാവരും തയാറായി വന്നിരിക്കുന്നു പലരും പുതിയ ആംഗ്ലെർ വരെ വാങ്ങി എല്ലാവരും പഴയ പന്തിൽ പരിശീലനം നടത്തുന്നു .
അതാ ദൂരെ നിന്നും കുറച്ചു പേര് നടന്നുവരുന്നു ..ആരോ ഉറക്കെ വിളിച്ചു പന്ത് എത്തി ഊ ആ ഊ ഊ പലരും ആർത്തുവിളിച്ചു ..
പന്തുമായി എത്തിവർ പന്ത് പുറത്തെടുത്തു എല്ലാവരും തൊട്ടുനോക്കി കിടിലൻ പന്ത് വെളുവെളുത്ത ആ പന്ത് പലരും തട്ടി നോക്കി ...അഭിപ്രായങ്ങൾ വന്നു തുടങ്ങി ...കിടിലൻ ..തെല്ലു അഹങ്കാരത്തോടെ എല്ലാവരുടെയും മുഖം പ്രകാശിച്ചു നമ്മുടെ ക്ലബ്ബിനും ഒരു കിടിലൻ പന്ത് സ്വന്തമായി .
മത്സരം തുടങ്ങാൻ സമയമായി രണ്ടു ടീം ആയി എല്ലാവരും ഒരുങ്ങി
സെന്റർ പോയിന്റിൽ ബോൾ വെച്ചു
ബോൾ ടെച്ചു ചെയിതു കളി തുടങ്ങി വിങ്ങിൽ നിന്നും കൊടുത്ത പാസുമായി സെന്റര് ഫോർവേഡ് പന്തുമായി കുതിച്ചു മുന്നിൽ ഡിഫെൻഡർ മാത്രം അവനെ വെട്ടിച്ചു ഇനി മുന്നിൽ ഗോളി മാത്രം ഒരു തകർപ്പൻ ഷോട്ട് ..........
ട്ടോ എന്നൊരു ശബ്ദം മാത്രം കേട്ടു
പന്ത് പൊട്ടിയിരിക്കുന്നു ഇന്ന് വാങ്ങിയ പുതിയ പന്ത് ഒന്ന് പോസ്റ്റിൽ തട്ടിയതെ ഒള്ളു ഇങ്ങിനെ പൊട്ടുമോ എല്ലാവരും മാറി മാറി പന്തിനെ പരിശോധിച്ച് അഭിപ്രായങ്ങൾ പറഞ്ഞു ..കാറ്റ് കൂടിയതാവും.തുന്ന് ഉറപ്പുണ്ടാവില്ല.ലോക്കൽ ബ്ലാഡർ ആയിരിക്കും അങ്ങിനെ പലരും പല അഭിപ്രായങ്ങൾ
നിരാശയോടെ പാപ്പാട്ടു കുണ്ടിൽ നിന്നും എല്ലാവരും വീട്ടിലേക്ക് വെച്ച് പിടിച്ചു
പന്ത് പൊട്ടിയ വിവരം എല്ലാവരും അറിഞ്ഞു ..
അത് കേട്ട ഒരാൾ ചോദിച്ചു നിങ്ങൾ പുതിയ പന്താണോ വാങ്ങിയത്
പുതിയതാണെകിൽ ഇത്ര പെട്ടന്നു പൊട്ടുമോ ?
അദ്ദേഹം ഒരു കാര്യം രഹസ്യമായി പറഞ്ഞു ഇന്ന് രാവിലെ നിലപറമ്പിലെ ഒരു വീട്ടു മുറ്റത്തു നിങ്ങളുടെ കൂടെ ഉള്ള കുറച്ചു പേര് ഒരു പഴയ അഞ്ചാം നമ്പർ പന്ത് കഴുകി നന്നാകുന്നത് കണ്ടവരുണ്ടു എന്ന് പറഞ്ഞു.
കാര്യം മനസിലായി എല്ലാവര്ക്കും
എവിടുന്നോ ഒപ്പിച്ച ഒരു പഴയ പന്ത് കഴുകി നന്നാക്കി കൊണ്ടുവന്നതായിരുന്നു
ആ പുതിയ അഞ്ചാം നമ്പർ പന്ത്
-----------------------------------------------
ജാബിർ അരീക്കൻ
(കൂട്ടിലെ പല തത്ത കൾ ക്കും പന്ത് കഥയിൽ നേരിട്ടും അല്ലാതെയും പങ്കുണ്ട് ക്ഷമിക്കുക )

ശങ്കരേട്ടന്റെ ചായ


ശങ്കരേട്ടനെന്ന നല്ല മനുഷ്യന്‍ നാലു പതിറ്റാണ്ട് കാലം ഒരു ദേശത്തിന്റെ ഭാഗമായി നിന്ന് വിശന്ന വയറിന്റെ നൊമ്പരം തീര്‍ത്ത് അന്നം വിളമ്പിയ നാടന്‍ ഭക്ഷണത്തിന്റെ പാചക കുലപതി ഒരു ദേശക്കാരുടെ മുഴുവന്‍ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി അടുക്കള സാംമ്രാജ്യത്തിന്റെ സിംഹാസനത്തില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങുന്ന ഈ വേളയില്‍ അദ്ധേഹത്തെ കുറിച്ചുള്ള ഒരുപിടി നല്ലയോര്‍മ്മകള്‍ ചിക്കി ചികഞ്ഞ് പങ്ക് വെക്കപ്പെടുംബോള്‍ കുട്ടിക്കാലം മുതലേ ഞാന്‍ കണ്ട ശങ്കരേട്ടനെ കുറിച്ചുള്ള ഓര്‍മ്മകളെന്നെ മാടി വിളിക്കുന്നു
ഒരിക്കല്‍ കുട്ടിക്കാലത്ത് വല്ല്യുപ്പാന്റെ കൂടെ പോയി ശങ്കരേട്ടന്റെ കടയില്‍ നിന്ന് ചായയും അരിമുറുക്കും കഴിച്ച ആ നല്ല ഓര്‍മ്മകള്‍
മദ്രസയില്‍ നിന്ന് ഞാനും ഒരു കൂട്ടുക്കാരനും കൂടി ഉസ്താദിന് ചായ വാങ്ങാന്‍ പോയപ്പോള്‍ വെള്ളം ചൂടില്ലെടോ എന്നു പറഞ്ഞതും തിരിച്ച് പോകാനൊരുങ്ങിയ ഞങ്ങളോട് നിക്കെടെോ ഇപ്പം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കി തന്നതും ഓര്‍മ്മ മരത്തിലെ വാടാമലരുകളിലൊന്നാണ്
നിലപറമ്പില്‍ താമസിക്കുന്ന കാലത്ത് മദ്രസയിലേക്ക് പോകുന്നതും വരുന്നതുമൊക്കെ ശങ്കരേട്ടന്റെ കടയുടെ പിന്‍വശത്തു കൂടെയാണ് അദ്ധേഹത്തെ അവിടെ കണ്ടാല്‍ ശങ്കരേട്ടായെന്ന് വിളിക്കല്‍ ഒരു രസമായിരുന്നു അന്ന് പുഞ്ചിരിച്ച് കൊണ്ട് ങ്ഹാ... എന്ന് വിളി കേട്ടിരുന്നു ശങ്കരേട്ടന്‍ പലപ്പോഴും അതുവഴി പോകുംബോള്‍ വിറക് കൊത്തി കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഞങ്ങള്‍ കുട്ടികള്‍ വരുന്നത് കണ്ടാല്‍ മഴു താഴെ വെച്ച് ഞങ്ങള്‍ പോയി കഴിയുന്നത് വരെ കൊത്ത് നിറുത്തും എന്നിട്ട് പറയും വേഗം പോയിക്കോളിയെന്ന്..
കൂടുതല്‍ തവണയൊന്നും ശങ്കരേട്ടന്റെ ചായ കുടിച്ചിട്ടില്ല ആയൊരു നഷ്ട്ടം നികത്താന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനെന്റെ കൂട്ടുക്കാരനോട് പറഞ്ഞു നമുക്ക് ശങ്കരേട്ടന്റെ ചായ കുടിക്കാന്‍ പോയാലൊ കൂട്ടുക്കാരന്‍ എന്റെ കണ്ണിലേക്കൊന്ന് തുറിച്ച് നോക്കിയിട്ട് ചോദിച്ചു നിനക്കെന്താ ഇപ്പൊ ഇങ്ങനെയൊരു ആഗ്രഹം ഞാന്‍ പറഞു ഒന്നുല്ല ശങ്കരേട്ടന്റെ ചായ കുടിക്കാനൊരു പൂതി അതോണ്ടാ അങ്ങനെ ഞാനും കൂട്ടുക്കാരനും കൂടി ശങ്കരേട്ടന്റെ കടയിലേക്ക് ചായ കുടിക്കാനായി പോയി അവിടെയെത്തിയപ്പൊ കടയിലും പരിസരത്തും നാട്ടിലെ കാരണവന്മാര്‍ കൂട്ടത്തില്‍ കൂട്ടുക്കാരന്റെ ബാപ്പയും അത് കണ്ട കൂട്ടുക്കാരന്‍ പറഞ്ഞു ഞാനില്ല നീ വേണങ്കില്‍ കുടിച്ചിട്ട് വാ ഞാനിവിടെ കാത്തു നില്‍ക്കാം ഞാന്‍ പറഞ്ഞു അത് പറ്റില്ല ചായ കുടിക്കുകയാണെങ്കില്‍ നമ്മള്‍ ഒരുമിച്ച് കുടിക്കും അല്ലെങ്കിലീ പൂതി വേണ്ടാന്ന് വെക്കാം അങ്ങനെ നിരാശയോടെ മടങ്ങി പിന്നെയും പലവട്ടം ഞങ്ങള്‍ ശങ്കരേട്ടന്റെ ചായ കുടിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ കടയിലോ പരിസരത്തോ കാരണവന്മാര്‍ കൂട്ടത്തില്‍ ഒന്നുകില്‍ എന്റെ ബാപ്പ അല്ലെങ്കില്‍ കൂട്ടുക്കാരന്റെ ബാപ്പ ഞങ്ങളുടെയാ ശങ്കരേട്ടന്റെ ചായ കുടിക്കാനുള്ള പൂതിയുടെ വാതില്‍ പടിയിലുണ്ടാവുന്നത് കാരണം സാധ്യമാവാതെ പോയി
ഇനിയൊരിക്കലുമാ പൂതി നടക്കാനും വഴിയില്ല ശങ്കരേട്ടന്‍ കുറ്റൂരിനോട് വിട പറയാനൊരുങ്ങുന്നു എന്നെ പോലെ തന്നെ പലരുടേയും പൂതികള്‍ ബാക്കി വെച്ച്...
ഒരു ദേശത്തിന്റെയും ദേശക്കാരുടേയും മനസ്സിന്റെ അകവും പുറവും തളര്‍ച്ചയും ഉയര്‍ച്ചയും ധുഖഃവും സന്തോശവും കണ്ട് ഒരായുഷ്ക്കാലം നമുക്കിടയില്‍ ജീവിച്ച ശങ്കരേട്ടന് സ്നോഹോഷ്മളമായ യാത്രാമംഗളം നേരുന്നു
--------------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

ചില്ലു വെച്ച കട



സുബ്ഹിക്ക് ബാങ്ക് മുഴങ്ങിയാൽ പിന്നെ
സഫുകൾ അടുക്കിലും ചിട്ടയായ് നിന്നെ
ചില്ലിട്ട കടയിൽ കണ്ണനെയും തൊഴുതെ
അടുപ്പിലെ തീപൂട്ടി വെള്ളം തിളക്കുന്നെ,


പുട്ടുണ്ട് കടലയും പുഴുങ്ങിയ പഴവും

മുട്ടയും നുറുക്കും ബർക്കിയും ബണ്ണും
ചില്ലിട്ട കൂട്ടിൽ ഞെളിഞ്ഞിരിക്കുന്നെ
കാലത്തെ പത്രവും വന്നിരിക്കുന്നെ.


ഉണ്ടോ ഒരല്പം തൈരെടുക്കാൻ ഏട്ടോ

ഇല്ലാ അശേഷം തന്നീടുവാൻ കേട്ടോ
ഇരിക്കവിടെ നീ ഞാനൊന്നു നോക്കട്ടേ
ഊണിന്നു തൈരും കൂട്ടിയിന്നുണ്ണാമെടോ
ഇച്ചിരി എടുക്കാംനിനക്കായ് ഇന്നേക്കേ


നാടിന്റെ നടുവിലെ ചില്ലിട്ട പീടിക

നന്മകളൊത്തിരി വെച്ച് വിളമ്പിയേ
മൂന്ന് തലമുറ ചേലോടെ കണ്ടേ
ചില്ലുപോൽ തെളിഞ്ഞൊരകമുള്ള
നമ്മുടെ സ്വന്തം ശങ്കരേട്ടനെ......
-----------------
പ്രതീക്ഷയോടെ
=============
മുസ്തഫ ശറഫുദ്ധീൻ


Wednesday, 24 February 2016

ഊക്കത്ത് ജുമാ മസ്ജിതിന്റെ കല്ലിടൽ കർമം


ശങ്കരേട്ടൻ



കുറ്റൂരിൻ കൈപുണ്യമായി
തലമുറകൾക്കൊന്നാകെസ്വാദോടെ വിളമ്പി തന്നു
നമ്മുടെ ശങ്കരേട്ടൻ

കുറ്റൂർ സ്കൂളിലെ
മാഷൻമാരെല്ലാവരും
കുറ്റൂർ നാട്ടിലുള്ള
കാരണൻമാരായവരും
കൊതിയൂറും വിഭവങ്ങൾ
രുചിയോടെ തിന്നോരാണ്

രാവിലത്തെ ചുടു ചായ
ഭരണീലെ  നുറുക്കും പിന്നെ
ആവി പറക്കും പുട്ടും
പപ്പടം കാച്ചിയതും

പത്ത് മണി കഴിഞ്ഞാൽ
മാഷൻമാരെല്ലാവരും
നാസ്തയും ചോറും പിന്നെ
തിരക്കോട് തിരക്ക് തന്നെ

കാലം ഒരുപാടായി
ശങ്കരേട്ടന്റ ഹോട്ടൽ
തനത് രുചിയുമായി
നില നിന്ന് പോന്നീടുന്നു

ശങ്കരേട്ടന് ഇപ്പോൾ
യാത്ര ചോദിച്ചീടുന്നു
വേദനയോടേ നാട്
മംഗളം നേർന്നീടുന്നു

----------------------------
സത്താർ കുറ്റൂർ

ഒരു വയനാടൻ യാത്ര


          ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുള്ളവരെ വളരെ തന്ത്രപൂർവം കണ്ടുപിടിച്ചു അവരുമായി ഒരു യാത്ര കഴിഞ്ഞു വരുമ്പോൾ പഠിക്കാൻ പോയവനായിരിക്കും ഡ്രൈവർ ..ഇങ്ങിനെ യാത്രകൾ സംഘടിപ്പിക്കുന്നതിൽ കൂട്ടിലെ ഒരു തത്ത വളരെ മിടുക്കനായിരുന്നു കാരണം ആ വണ്ടി യുടെ കപ്പിത്താൻ മൂപരായിരുന്നു ... ഇരയെ കിട്ടിയാൽ ഉടനെ കൂട്ടിനു കുറച്ചു തത്ത കളെകൂടി വിളിക്കും മുന്നിലും പിന്നിലും കുറെ ആളുകൾ പഠിക്കാൻ പോവുന്നവന്റെ പോക്കറ്റിൽ എത്ര കാശ് ഉണ്ടായാലും തിരിച്ചു വരുമ്പോൾ അത് മുഴുവനും തീർന്നിരിക്കും പുറപ്പെടാൻ തുടങ്ങുമ്പോൾ കുടിക്കുന്ന ചായ മുതൽ അന്നത്തെ രാത്രി ഭക്ഷണം വരെ അതിൽ പെടും ...
അങ്ങിനെ യാത്ര തുടങ്ങി രാവിലെ സുബ്ഹി കഴിഞ്ഞാൽ പുറപ്പെടും വണ്ടി ആദ്യം ചെയ്യണ്ട കർമ്മം കിലോമീറ്റർ കേബിൾ ഊരിയിടുക്ക എന്നതാണ് അത് മുറപോലെ കപ്പിത്താൻ ചെയ്യും ..ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് വലതു കാൽ വെച്ച് വിദ്യാർത്ഥി വണ്ടിയുടെ മുൻ സീറ്റിൽ കയറുക പിന്നെ വിമാനത്തിൽ കയറിയതുപോലെ നിർദേശങ്ങൾ കപ്പിത്താൻ പുറപ്പെടുവിക്കും ...വാഹനത്തിന്റെ സകല വിവരങ്ങളും ... വാഹനത്തിനു മൊത്തം 4 ടയർ ഉണ്ട് മുന്നിൽ രണ്ടും ബാക്കിൽ രണ്ടും മുന്നിൽ രണ്ടു വാതിലും ബാക്കിൽ ഒരു വലിയ വാതി ലുമാണ് ഉള്ളത് .. മീറ്റർ റീഡിങ് എല്ലാം എണ്ണി പറയും ബാറ്ററി ലെവൽ അങ്ങിനെ എല്ലാം .. വാഹനം നമ്മുടെ അതിർത്തി കടക്കും വരെ കപ്പിത്താൻ തന്നെ യാണ് ഓടിക്കുക ..കൊണ്ടോട്ടി കടന്നാൽ സ്റ്റിയറിങ് പിടുത്തം വിദ്യാർത്ഥിയെ ഏൽപ്പിക്കും അത് ലെവൽആകലാണ് ആദ്യ പടി ....എല്ലാത്തിനും അകമ്പടി യായി ഹിന്ദി സിനിമ ഗാനങ്ങൾ ബോക്സിലൂടെ ഒഴുകി എത്തും .....പിന്നിലിരിക്കുന്നവർക്ക് ഒരു വിനോദയ യാത്ര മുന്നിൽ ഇരിക്കുന്നവന് പേടിയും ഭയവും ...അങ്ങിനെ വാഹനം അരീക്കോട് എത്തിയാൽ മറ്റൊരു പ്രധാനകർമ്മം നടക്കും വണ്ടിയിൽ ഡീസൽ അടിക്കുക .... കൂടെ ദക്ഷിണ കൈമാറി അനുഗ്രഹം വാങ്ങി ഡ്രൈവിംഗ് സീറ്റിൽ വിദ്യാർത്ഥിയെ ഇരുത്തുന്ന കർമ്മം കൂടി നടക്കും ....
ഇനി ഭീതിയുടെ സമയങ്ങൾ കപ്പിത്താൻ മാറി ....ഒരു വിവരവും ഇല്ലാത്ത പുതിയ കപ്പിത്താൻ ക്ലച്ചും ബ്രെക്കും ആക്സിലേറ്റർ മുതൽ അവന്റെ കൈയിലാണ് ...മെല്ലെ മെല്ലെ വണ്ടി നീങ്ങുന്നു കർശന നിർദേശങ്ങൾ നൽകുന്നു ഇടക്കിടക്ക് പറ്റുന്ന അബദങ്ങൾക്കു കുത്തും അടിയും നല്ല തെറിയും കേൾക്കാം ഇടക്കിടക്ക് സ്നേഹത്തോടെ യുള്ള ഉപദേശം കേൾക്കുമ്പോൾ ആദ്യം കിട്ടിയ അടിയും കുത്തും എല്ലാം മറക്കും അങ്ങിനെ വണ്ടി ചുരം കേറാൻ തയാറായി അടിവയറ്റിൽ നിന്നും വിശപ്പിന്റെ ഗന്ധം പുറത്തേക്ക് വരാൻ തുടങ്ങി അടിവാരത്തു എത്തിയാൽ ഒരു കിടിലൻ നാസ്ത അത് കഴിഞ്ഞാൽ ചുരം കയറ്റം അപ്പോൾ കപ്പിത്താൻ വണ്ടി വിടും പിന്നീട് ചുരത്തിൽ എങ്ങിനെ വണ്ടി ഓടിക്കാൻ എന്ന നിർദേശങ്ങൾ നല്കികൊണ്ടിരിക്കും അങ്ങിനെ ഒന്നും രണ്ടും മൂന്നും ചുരങ്ങൾ കയറി അവസാനം ഒൻപതാമത്തെ ചുരവും കയറി കുറച്ചു സമയം പ്രകൃതിഭംഗി ആസ്വാദിക്കും ...
വയനാട്ടിലേക്ക് സ്വാഗതം ...ആ വലിയ ബോർഡ് കാണാത്തവർ ഉണ്ടാവില്ല
ഇനിയുള്ള ലക്‌ഷ്യം പൂക്കോട്ടുതടാകം വണ്ടി അങ്ങോട്ട് പുറപ്പെട്ടു പാസ് എടുത്തു ഉള്ളിൽ പ്രവേശിച്ചു ഒരു നടത്തം അവിടെയാകെ....ഉച്ച ഭക്ഷണത്തിന് ശേഷം തിരിച്ചുപോകാൻ തയാറായി വണ്ടി ചുരം ഇറങ്ങി തുടങ്ങി ചുരം കയറിയപ്പോൾ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചു വിദ്യാർത്ഥി വണ്ടിയുമായി ചുരം ഇറങ്ങി തുടങ്ങി
പെട്ടന്നു പിന്നിലെ യാത്രക്കാരിൽ നിന്നും ഒരാൾ നിലവിളിച്ചു ....ചോര ചോര ...നിലവിളിയും ഒച്ചപ്പാടും കേട്ട് പേടിച്ചു വിറച്ചു പോയ പുതിയ കപ്പിത്താന് വണ്ടി നിയന്ത്രണത്തിൽ കിട്ടിയില്ല മനഃസാനിദ്യം വീണ്ടെടുത്ത് കപ്പിത്താൻ വാഹനം റോഡരുകിൽ ചവിട്ടി നിർത്തി
എല്ലാവരും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി എല്ലാവരുടെയും കാലിൽ നിറയെ രക്തം .. ആളൊഴിഞ്ഞ സ്ഥലമായതിനാൽ ഉടുതുണി വരെ അഴിച്ചു നോക്കി പലരും പലരുടെയും മുട്ട് കാൽ വരെ നിറയെ അട്ടകൾ .......
പൂക്കോട്ടുതടാകത്തിൽ നിന്നും ഞങ്ങളുടെ കൂടെ കയറിക്കൂടിയ ഒരു കൂട്ടം അട്ടകൾ എല്ലാവരുടെയും രക്തം മതിവരുവോളും കുടിച്ചു ..പലരും പിന്നെയും പിന്നെയും അട്ടകളെ തപ്പിനോക്കി അതിർത്തിലങ്കിച്ചു പോയോ അട്ടകൾ എന്ന് പലരും സംശയിച്ചു.ഒരു കാര്യം ഉറപ്പാണ് അട്ടകൾ അതിർത്തി വിട്ടു പോയോട്ടില്ല ഇന്ന് വരെ അങ്ങിനെ ഒരു റിപ്പോർട്ട് കിട്ടിയിട്ടില്ല ...
എല്ലാം കഴിഞ്ഞു യാത്ര തുടർന്ന് തമാ
ശേരി ചുരവും ഇറങ്ങി ഞങ്ങൾ നാട് പിടിച്ചു പഠിതാവ് ഡ്രൈവിങ്ങിൽ തന്റെ കഴിവ് തെളിയിച്ചു സ്പീഡ് കൂട്ടിയും കുറച്ചും മറിച്ചും തിരിച്ചും ഒടിച്ചു ... വാഹനം കുതിച്ചു 
സമയം വൈകിട്ട് 6 മണി വാഹനം കൊണ്ടോട്ടിയിൽ തിരിച്ചു എത്തി പഠിതാവ് ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി കൂടെ കപ്പിതാനും പുറത്തിറങ്ങി പ്രിയ ശിഷ്യന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു .... നീ സുലൈമാനല്ല ഹനുമാനാണ് .....
ഒരു കൂട്ടചിരിയോടെ ഞങ്ങൾ നാട് പിടിക്കാൻ വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു ....ആ സമയം വണ്ടിയിലെ പാട്ടുപെട്ടിയിൽ നിന്നും ......... ആ സുന്ദര ഹിന്ദി ഗാനം ഒഴുകിയെത്തി.... ദിൽ തോ പാഗൽ ഹെ ദിൽ ദീവനാ ഹെ..#@#@
----------------------------------------------
ജാബിർ അരീക്കൻ

സ്വപ്നക്കൂട്ടിലെ പടിയിറക്കം

ശക്തമായ കാറ്റും മഴയും കാരണം പാടവക്കിലെ സ്രാംമ്പ്യയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ സ്രാംമ്പ്യയുടെ ഉമ്മറത്തു തന്നെ ഇരിക്കുംബോഴാണ് തൊട്ടടുത്ത പറമ്പില്‍ രണ്ട് പക്ഷികള്‍ കാറ്റും മഴയും വക വെക്കാതെ കലപില കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടത് കുറേ നേരം അതും നോക്കിയിരിക്കുമ്പോഴാണ് പക്ഷികളുടെ ധര്‍മ്മസങ്കടം എന്തെന്നറിഞ്ഞത്
ശക്തമായ കാറ്റില്‍ തകര്‍ത്തെറിയപ്പെട്ട കൂടും അതിനകത്തെ കുഞ്ഞുങ്ങളേയും നോക്കിയുള്ള വേവലാതിയാണതെന്ന് മനസ്സിലായി
ആ കാഴച്ച വളരേയദികം വിഷമം തോന്നിച്ചു
ശക്തമായ കാറ്റിന്റെ രൗദ്ര ഭാവം തകര്‍ത്തെറിഞ്ഞ തങ്ങളുടെ കഠിന പ്രയത്നത്താല്‍ മെനഞ്ഞെടുത്ത കൂടിനേയും അതിനകത്തെ തങ്ങള്‍ ജീവനു തുല്ല്യം സ്നേഹിക്കുന്ന കുഞ്ഞുങ്ങളേയും നോക്കിയുള്ള പക്ഷികളുടെ കരച്ചില്‍ എന്റെ മനസ്സിനെ വല്ലാതെ വേദനപ്പിച്ചു ആ വേദനകളെന്നെ തോരാത്ത കണ്ണീരിന്റെ ഭൂതകാല ഓര്‍മ്മകളിലേക്കും വഴി നടത്തി
കൂടായാലും വീടായാലും നഷ്ട്ടപ്പെടുംബോഴുള്ള വേദന മനുഷ്യരെ പോലെ തന്നെ പക്ഷികള്‍ക്കുമെന്നുള്ളത് വിസ്മരിക്കാനാവത്തൊരു വസ്തുദയാണ്
പിന്നീടതുപോലൊന്ന് ഒരുക്കിയെടുക്കുകയെന്നത് വളരെ പ്രയാസകരവുമാണ്
ആ കാഴ്ച്ച കണ്ട വേദനയോടെയിരിക്കുംബോള്‍ ഓര്‍മ്മകളെന്നെ ഒരുപാട് വര്‍ഷം പുറകോട്ട് തന്നെ കൊണ്ട് പോയി
സ്വന്തമായൊരു കൊച്ചുവീടെന്ന സ്വപ്നം വളരെയധികം ശ്രമരകരമായിട്ടാണെങ്കിലും സാക്ഷാല്‍ക്കരിച്ചതിന്റെ നിര്‍വൃതി അന്ന് ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കണ്ട നാളുകള്‍ ചുമരുകളിലും തറയിലും കുമ്മായത്തിന്റെ നിറച്ചാര്‍ത്തുകളില്ലാതെ ഞെക്കിയാല്‍ കത്തുന്ന ആധുനികതയുടെ പ്രകശവെട്ടമില്ലാതെ ആ കൊച്ചു വീട്ടില്‍ താമസമാക്കിയപ്പോള്‍ പരിഭവമോ പരാധിയോ പറയാതെ എന്റെ ഉമ്മയുടെ മുഖവും മനസ്സും തെളിഞ്ഞു നിന്നിരുന്നു പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും വെയിലും മഴയും കൊള്ളാത്ത സുരക്ഷിത താവളമൊരുക്കിയ നിര്‍വൃതി ഉപ്പയുടെ മുഖത്തും ഉണ്ടായിരുന്നു
എന്ത് കൊണ്ടിങ്ങനെയൊക്കെ എന്ന കാര്യത്തിന്റെ ഗൗരവമറിയാന്‍ പ്രായമായിട്ടില്ലായിരുന്ന സഹോദരിമാരുടെ പരിഭവ പറച്ചിലുകള്‍ക്ക് അന്ന് ഉമ്മ പറഞ്ഞിരുന്ന മറുപടി
''
നമുക്കിതെങ്കിലും ഉണ്ടല്ലൊ ഇതുപോലുമില്ലാത്ത എത്രയാളുകള്‍ ഉണ്ട് നമുക്ക് ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് അന്തിയുറങ്ങാന്‍ അല്ലാഹുവിന്റെ കാരുണ്ണ്യം കൊണ്ട് ഇത്രയെങ്കിലുമായില്ലെ അല്‍ഹംദുലില്ലാഹ്''
ഉമ്മയുടെ ഈ വാക്കുകള്‍ അന്നും ഇന്നും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു
നമ്മേക്കാള്‍ ഉയര്‍ന്നവരിലേക്കല്ല നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് ചിന്തിക്കുംബോഴാണ് ഉള്ള സൗകര്യത്തിന്റെ വിലയറിയുകയെന്നൊരു പാഠം ഉമ്മ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു
ഏഴു വര്‍ഷത്തോളമുള്ള ആ ജീവിതത്തിന് പര്യവസാനമെന്നോണം വീടിന്റെ മുഴുവന്‍ പണിയും തീര്‍ത്ത് പഴയതിനെക്കാളും പതിന്‍മടങ്ങ് സൗകര്യത്തില്‍ നല്ല സന്തോശത്തോടെ അന്തിയുറങ്ങി തുടങ്ങി പക്ഷെ ആ സന്തോശത്തിന് മൂന്ന് വര്‍ഷത്തോളമേ ആയുസ്സുണ്ടായിരുന്നുള്ളൂ കാരുണ്ണ്യവാനായ ലോകരക്ഷിതാവിന്റെ വിധിയും പരീക്ഷണവും മറ്റൊരു തരത്തില്‍ ഞങ്ങളിലെത്തിയപ്പോള്‍ ആ കൊച്ചു സ്വപ്നക്കൂട്ടിലെ ഞങ്ങളുടെ കൊച്ചു കൊച്ചു ദുഖഃങ്ങളും സന്തോശങ്ങളും സമാധാനവും നിറഞ്ഞൊരു ജീവിതത്തിന്റെ പര്യവസാനമായിരുന്നു ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂട് മറ്റൊരു കൈകളിലേക്ക് ക്രയവിക്രയം നടത്തി സര്‍വ്വശക്തന്റെ വിധിയാലും പരീക്ഷണത്താലും വന്നു ചേര്‍ന്ന ബാധ്യതകളില്‍ കുറേയൊക്കെ തീര്‍ത്ത് ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടില്‍ നിന്ന് പിരിയുന്ന ദിവസം
തകര്‍ന്ന മനസ്സും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മയും സഹോദരിമാരും  ആ സ്വപ്നക്കൂട്ടില്‍ നിന്ന് പടിയിറങ്ങി വരുന്നത് ഓട്ടോറിക്ഷയുടെ കണ്ണാടിയിലൂടെ ഞാന്‍ കണുന്നുണ്ടായിരുന്നു തകര്‍ന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ മുഖത്ത് പുഞ്ചിരിയുമായി അയല്‍വാസികളോട്
എന്നാ ഞങ്ങള് പോകട്ടെയെന്ന് യാത്ര പറഞ്ഞിറങ്ങി വരുന്ന ഉപ്പാന്റെ ഹൃദയം പൊട്ടിക്കരയുകയാണെന്ന് ഞാനാ വാക്കുകളിലെ ഇടര്‍ച്ചയില്‍ നിന്ന് തിരിച്ചറിഞ്ഞു എനിക്കപ്പൊ സങ്കടവും കരച്ചിലും വരാത്തത് കൊണ്ടായിരുന്നില്ല എന്റെ ഉപ്പയെ പോലെ എല്ലാം ഉള്ളിലൊതുക്കി പിടിച്ചു നിന്നു
ഒരു മരവിപ്പ് പോലെ ഓട്ടോയുടെ കണ്ണാടിയിലൂടെ ഉപ്പാന്റെ വരവും നോക്കിയിരിക്കുകയായിരുന്നു ഞാന്‍ ഉപ്പ വന്ന് വണ്ടിയില്‍ കയറി എന്റെ തോളില്‍ തട്ടിയിട്ട്  ന്നാ വണ്ടിയെടുക്കെന്ന് പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചിന്തയില്‍ നിന്നുണര്‍ന്ന ഞാന്‍ പിന്നിലേക്ക് നോക്കി എല്ലാം കൊണ്ടും ഒരുതരം മൂഖത തളം കെട്ടിയ പ്രതീതി ആരും ഒന്നും മിണ്ടുന്നില്ല ഞാന്‍ വണ്ടി മുന്നോട്ടെടുത്തു പോകുംബോള്‍ ഉമ്മയും സഹോദരിമാരും കൈവിട്ടു പോയ ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂടിനെ ഒന്നു കൂടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അതുവരെ നിശബ്ദമായിരുന്ന വണ്ടിക്കകത്ത് നിന്ന്   ഉമ്മയുടെയും സഹോദരിമാരുടെയും സങ്കടത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാന്‍ തുടങ്ങി 
വണ്ടി കുറച്ച് മുന്നോട്ട് ഓടി സഹോദരിമാരുടെ കൂട്ടുക്കാരിയുടെ വീടിനടുത്തെത്തി അവിടെ അവരുടെ കൂട്ടുകാരിയെ കണ്ടതും അവരുടെ തേങ്ങലൊരു പൊട്ടിക്കരച്ചിലാവാന്‍ അധികസമയം വേണ്ടി വന്നില്ല
അവരെ ആശ്വസിപ്പിച്ച് കൊണ്ട് ഉപ്പയിങ്ങനെ പറഞ്ഞു ''അതൊന്നും സാരമില്ല പടച്ചോന്‍ നമുക്ക് ഇങ്ങിനെയാണ് വിധിച്ചിരിക്കുന്നത് എല്ലാം ശെരിയാകും''
അപ്പൊ  ഉപ്പയുടെ മടിയിലേക്ക് മുഖമമര്‍ത്തി കരയുന്ന ചെറിയ സഹോദരി പറഞ്ഞു
എന്നാലും നമുക്കീ വിധി പടച്ചോന്‍ തന്നല്ലൊ
ആ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ഉപ്പ പറഞ്ഞു ''അങ്ങനെയൊന്നും പറയാന്‍ പാടില്ല അത് അല്ലാഹുവിനെ കുറ്റപ്പെടുത്തുന്നതിന് തുല്ല്യമാണ് നമുക്കിനി താമസിക്കാന്‍ നമ്മുടെ തറവാട് വീടുണ്ടല്ലൊ അതുപോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വന്നവരെ കുറിച്ചോര്‍ത്താല്‍ നമ്മോട് അല്ലാഹു കാരുണ്ണ്യം മാത്രമാണ് ചെയ്തിരിക്കുന്നത്''
പതിനാല് വര്‍ഷത്തോളം ആള്‍താമസമില്ലാതെ അടഞ്ഞു കിടന്നിരുന്ന തറവാട് വീട് വീണ്ടും താമസയോഗ്യമാക്കി അതിലേക്കായിരുന്നു
ഞങ്ങളുടെ ആ കൊച്ചു സ്വപ്നക്കൂടില്‍ നിന്നുള്ള പടിയിറക്കം
ഞങ്ങള്‍ കുടുംബങ്ങളെല്ലാവരും കൂടി അന്നത്തെ ദിവസം കുട്ടിക്കാലത്ത് ഞങ്ങളെല്ലാം ഓടിക്കളിച്ച തറവാട് വീട്ടില്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിച്ച്  കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മ്മകള്‍ ചികഞ്ഞ്  അന്നത്തെ രാത്രി കഴിച്ചുകൂട്ടി
പിറ്റേന്ന് കുടുംബക്കാരെല്ലാം പോയപ്പൊ വീണ്ടും ഒറ്റപ്പെടുന്ന പോലൊരു തോന്നല്‍ ഞാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങി പാടവക്കിലെ സ്രാംമ്പ്യ ലക്ഷ്യമാക്കി നടന്നു അവിടെ സ്രാംമ്പ്യയുടെ ഉമ്മറത്ത് പാടത്തേക്കും നോക്കിയിരിക്കുംബോള്‍ അതുവരെ ഞാന്‍ പിടിച്ചമര്‍ത്തിയ എന്റെ സങ്കടമെല്ലാം അണപൊട്ടിയൊഴുകി  ആരും കാണാതെ ഞാനവിടെയിരുന്ന് ഒരുപാട് കരഞ്ഞു
നാട്ടിലുള്ള സമയത്തൊക്കെ എന്തെങ്കിലും വിഷമം വന്നാല്‍ ഞാന്‍ പോയി ഇരിക്കാറുള്ളത് ആ സ്രാംമ്പ്യയുടെ ഉമ്മറത്താണ് എന്റെ ഒരുപാട് സങ്കടത്തിന്റെ തേങ്ങലുകള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുണ്ടാവുക ആ സ്രാംമ്പ്യയായിരിക്കും
അങ്ങനെയുള്ളൊരു സങ്കടത്തിന്റെ കണ്ണുനീര്‍ പൊഴിച്ച് ആത്മനിര്‍വൃതിയില്‍ ഇരിക്കുംബോഴായിരുന്നു രണ്ട് പക്ഷികളുടെ മനോവേദനയുടെ രംഗം കാണാനിടയായതും മനുഷ്യനെന്ന പോലെ പക്ഷികള്‍ക്കുമുണ്ട് സങ്കടങ്ങളും പ്രയാസങ്ങളും എന്നത് കാരുണ്ണ്യവാനായ റബ്ബ് എനിക്കന്ന് കാട്ടി തന്നതാവും

------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

ചെരിപ്പ് കള്ളൻ

കുറച്ച് മുമ്പാണ്....
സുബ്ഹിക്ക് പള്ളീലെത്തീപ്പോഴാ
അറീഞ്ഞത്..കുറച്ചപ്പുറത്തുള്ള വീട്ടിലെ ആൾ മരണപ്പെട്ടിരി
ക്കുന്നു. നിസ്കാരംകഴിഞ്ഞ് എല്ലാരും അവിടെയെത്തി. മയ്യത്ത് കണ്ടു. ചെറിയ ദുആ ചെയ്തു.കുറെയാളുകൾ പോയി. ഞങ്ങളും ഇറങ്ങി. അപ്പോഴാണ് ഞങ്ങടെ കൂട്ടത്തീൽ വന്ന പ്രായംചെന്ന
.....
കാക്കാൻറെ ചെരിപ്പ് കാണുന്നി
ല്ല. മൂപ്പർക്ക് ദേഷ്യ
വും  സങ്കടവും.. ഞങ്ങളാകെ തിരച്ചി
ലോട് തിരച്ചിൽ.  ...കാക്കാൻറെ ചെരിപ്പ് മാത്രമില്ല.!
എല്ലാരും പുറത്തിറങ്ങി ചെരിപ്പിട്ടു.  അപ്പോ ഒരുകൂട്ട് ഹവായ് ചെരിപ്പ് ബാക്കി.  "ഇതാണോ?"..ആരോ ചോദിച്ചതും ....കാക്ക ദേഷ്യത്തി
"അതിൻറതല്ല"..
ഞാൻ പറഞ്ഞു "തൽകാലംഅതിട്ടോളീ". "അതിച്ച് മാണ്ട" എന്ന് പറയലും ...കാക്ക ചെരിപ്പില്ലാതെ ഒറ്റ നടത്തം.  നേരം വെളുക്കുന്നേയുള്ളൂ. പിന്നാലെ  ഞങ്ങളും ഇറങ്ങി. 
....
കാക്ക വീട്ടിലെത്തിയപ്പോൾ അതാ ചവിട്ടുപടിയിൽ തന്നെ കാക്കാനെ കാത്ത് ചെരിപ്പ് കിടക്കുന്നു.  "ഇതാരാ ഇപ്പോ ഇബട കൊട്ന്നിട്ടത്?
അതിശയത്തോടെ കാക്ക ഉറക്കെ വിളിച്ചു. ഒച്ച കേട്ട് വീട്ടുകാരി ഓടിയെ
ത്തി. ഒപ്പം മദ്രസയിലേക്കിറങ്ങാൻ നിന്ന പേരമകനും. ഒറ്റ വീർപ്പിൽ ...കാക്ക കാര്യം പറഞ്ഞു.  ആരാ ഇപ്പണി ചെയ്തത്..പെണ്ണുങ്ങക്കും സംശയം..പെട്ടെന്ന് പേരമകൻ ഒറ്റ കരച്ചിൽ.."എൻറെ ചെരിപ്പ് കാണാനില്ലാ. . ബല്ലിപ്പ എൻറെ ചെരിപ്പിട്ടാ പള്ളീ പോയത് .." ...കാക്ക ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു

----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

Tuesday, 23 February 2016

സൈദിൻറെ സാഹസികയാത്ര


അന്നും പതിവുപോലെ മദ്രസ്സ വിട്ട് ഞാൻ ൻറെ സൈദിനെ കാത്ത് നിന്നു. ൻറെ സൈദും പാലശ്ശേരി മൊയ്തീൻകുട്ടിയും കൂടി എൻറെ അടുത്ത് വന്ന് ചോദിച്ചു, ജ് പേര്ണാ? അന്ന് വ്യാഴാഴ്ചയാണ് സ്കൂൾ ഉണ്ടല്ലോ.... പിന്നെ എങ്ങോട്ടാ ഇവര് വിളിക്കുന്നത്? എത്ര ആ ലോചിച്ചിട്ടും മനസ്സിലായില്ല.
അപ്പോഴാണ് ൻറെ സൈദ് പറഞ്ഞത്, നാളെ ജുമായ തിരിഞ്ഞിട്ട് ഗുഹ കാണാൻ പോര്ണാ. ഊം ഞാൻ മൂളി. മൃഗങ്ങളൊക്കെ ഒരുപാട് ഉണ്ട്
പാലശ്ശേരി പറഞ്ഞു. പോകാമെന്ന തീരുമാനത്തോടെ സ്കൂളിലെ പുസ്തകമെടുക്കാൻ വീട്ടലേക്കോടി.
സ്കൂൾ സമയം എങ്ങിനെയൊക്കെയോ കഴിച്ച് കൂട്ടി.മനസ്സ് നിറയെ ഗുഹയും മ്രിഗങ്ങളുമാണ്.
വെള്ളിയാഴ്ച സ്കൂളുമില്ല മദ്രസ്സയുമില്ല! സാധാരണ വെള്ളിയാഴ്ചകളിൽ ഞങ്ങൾക്ക് സ്കൂൾ ഉണ്ടാകാറുണ്ട്.
ജുമാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ഓടി, പെട്ട്യെർച്ചീം ബള്ളം ബറ്റിച്ച ചോറും വെട്ടി വിഴുങ്ങി! എളാമ്മ വിരുന്നുവന്നത് കൊണ്ടുള്ള സ്പെഷ്യൽ!
നിറഞ്ഞ വയറുമായി വീണ്ടും ഓടാനൊരുങ്ങിയപ്പോൾ ഉമ്മാൻറെ വിളി... ജ് എങ്ങട്ടാ? പരിൻറോട്ക് എന്ന്പറഞ്ഞ് ഓട്ടം ആരംഭിച്ചു. അന്നൊക്കെ നടത്തം ഞങ്ങൾക്കില്ലായിരുന്നു.
ൻറെ സൈദ് എന്നെ കാത്തു നിൽക്കുകയായിരുന്നു. പാൽശ്ശേരി മന്നില്ലേ? ഇല്ല, ൻറെ സൈദിൻറെ ദേഷ്യത്തിലുള്ള മറുപടികേട്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, സൈദിൻറെ കയ്യിൽ വലിയൊരു സഞ്ചി! എത്താ സേൽബ്യേ സഞ്ചീല്? ചിരിച്ച് കൊണ്ട് ൻറെ സൈദ് പറഞ്ഞു, കൊറച്ച് സാമാനങ്ങളാ... ഞാൻ സഞ്ചി തുറന്നു നോക്കി.. കത്തി, കയർ, മുണ്ട്, വെള്ളം നിച്ച ഒരു പാത്രം, തീപ്പെട്ടി തുടങ്ങിയ സാധനങ്ങളായിരുന്നു സഞ്ചിയിൽ!
പാലശ്ശേരിയെ കാത്ത് നിൽക്കാതെ ഞങ്ങൾ യാത്ര തുടങ്ങി. കുറ്റൂർ പാടത്തെത്തിയപ്പോൾ സൈദിനോട് ചോദിച്ചു കീപ്പട്ടാ മേപ്പട്ടാ... സൈദ് പറഞ്ഞു മേപ്പട്ട്! പാടത്തിൻറെ വരമ്പിലൂടെ കിഴക്കോട്ട് നടന്നു. വെയിലുണ്ടെങ്കിലും സുഖമുള്ള കാറ്റ്. നടന്നു നടന്ന് വരമ്പവസാനിച്ചു. പിന്നെ വെള്ളവും ചേറും നിറഞ്ഞ കണ്ടത്തിലൂടെയായി യാത്ര. ജ് മുകാണ്ട നോക്കിക്കോട്ടാ ൻറെ സൈദിൻറെ മുന്നറിയിപ്പ്. ചേറിലൂടെയുള്ള യാത്ര കഴിഞ്ഞ് വീണ്ടും വരമ്പിലൂടെ യാത്ര തുടർന്നു. അപ്പോഴും മനസു നിറയെ ഗുഹയും മ്രിഗങ്ങളൊക്കെയായിരുന്നു. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, ൻറെ സൈദിൻറെ കാലിലെ 'തണ്ട' കാണുന്നില്ല? സൈദേ അൻറെ തണ്ട പോയാ കാണണില്ലല്ലോ...
ജ് ൻറൊപ്പം പോരണാ  .. തണ്ട കല്മ്മല്ണ്ട് അത് ചേറോണ്ട് കാണാഞ്ഞിട്ടാ... സൈദ് അത് പറഞ്ഞപ്പോഴാണ് സമാധാനമായത്. അതങ്ങിനെയാണ്, ൻറെ സൈദിന് ഒരു വിഷമമുണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
പാടം കഴിഞ്ഞൂട്ടാ... സൈദ് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. ഒരു ഉയർന്ന മതില് പോലെയുള്ള കെട്ടിനു മുകളിലൂടെ വലിഞ്ഞുകയറി പറമ്പിലേക്ക് കടന്നു. ഇതാണ് 'നെടിയാരം എസ്റ്റേറ്റ്'... എടത്തോള മുഹമ്മദാജിയുടെ വിശ്രമകേന്ദ്രം! അന്ന് മുഹമ്മദാജി മരിച്ചിട്ടില്ല. ദൂരെ നിന്നുതന്നെ ബംഗ്ലാവ് കാണാം. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്... രണ്ട് കണ്ണുകൾ ഞങ്ങളെ തുറിച്ച് നോക്കുന്നു. ചരിഞ്ഞ ഭൂപ്രദേശമായതിനാൽ ഞങ്ങൾ താഴെയും ബംഗ്ലാവ് മുകളിലുമാണ്. എസ്റ്റേറ്റിൻറെ നടുവിലാണ് ബംഗ്ലാവ്.
ആ കണ്ണുകൾ എന്നെ തുറിച്ച് നോക്കുന്നതുപോലെ തോന്നി. ആ കണ്ണുകളുടെ ഉടമയെ ഞാനതിനുമുമ്പ് കണ്ടിട്ടേയില്ലായിരുന്നു. ൻറെ സൈദിനു നല്ല പരിചയമുള്ളതുപോലെ നല്ല ധൈര്യം. മുന്നോട്ട് നടക്കാൻ തുടങ്ങിയ സൈദിന് ആ കണ്ണുകൾ കാട്ടിക്കൊടുത്തുകൊണ്ട് സൈദിൻറെ കൈകൾ ഞാൻ മുറക്കിപ്പിടിച്ചു. ജ് ങ്ങട്ട് പോരേ അത് ഒരു കുറുക്കനാ.. ഞാനതിനുമുമ്പ് കുറുക്കൻറെ ഓരിയിടൽ മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ, നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.
നടന്നു നീങ്ങുമ്പോൾ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു... നിറയെ പൂക്കളുള്ള ധാരാളം വലിയ മരങ്ങൾ, അതിലൊക്കെ പഴങ്ങളും. അതുവരെ കാണാത്ത നൂറുകണക്കിനു പഴങ്ങൾ!  ഒരു മനുഷ്യനെയും അവിടെ കണ്ടില്ല. പേടി തോന്നി.. ൻറെ സൈദിൻറെ ഒരു ധൈര്യം! ഞാൻ അൽഭുതപ്പെട്ടു. അതങ്ങിനെയാണ്. ൻറെ സൈദിന് ഇന്നും ധൈര്യത്തിനൊരു കുറവുമില്ല.
ഗുഹയെവിടെ? ൻറെ സൈദ് പറഞ്ഞു ഞാനും കണ്ടിട്ടില്ല. നമുക്ക് തെരയാം.
ആദ്യം ബംഗ്ലാവിലൊന്നു കയറാം. മുറ്റം നിറയെ ചമ്മൽ നിറഞ്ഞ് കിടക്കുന്നു. നടക്കുമ്പോൾ വലിയ ശബ്ദം. ആകെക്കൂടി പേടിപ്പെടുത്തുന്ന അന്തരീക്ഷം... ചെങ്കല്ലിൽ നിർമ്മിച്ച് ഓടുമേഞ്ഞ കെട്ടിടം... വാതിൽ ചാരിയിട്ടേയുള്ളൂ, ൻറെ സൈദ് ഒന്നു തള്ളിയപ്പോഴേക്കും വലിയശബ്ദത്തിൽ മലർക്കെ തുറന്നു. ഏതോ ഒരു ജീവി ഞങ്ങൾ വന്നത് ഇഷ്ടപ്പെടാത്തതുപോലെ മുരളിക്കൊണടു പുറത്തേക്ക് പാഞ്ഞു.. ഞാൻ പേടിച്ച് വിറച്ചു.. ശ്ശ്... ൻറെ സൈദിൻറെ താക്കീത് മിണ്ടരുത്..., സഞ്ചിതുറന്ന് ൻറെ സൈദ് ഒരു മണ്ടക്കത്തി പുറത്തെടുത്തു. നീട്ടിപ്പിടിച്ച കത്തിയുമായി അടുത്ത റൂമിലേക്ക് കയറി. ഓരോ റൂമിലും അടുക്കള വരെ കയറിയിറങ്ങി. തിരിച്ചു വാതിൽ ചാരി മുറ്റത്തേക്കിറങ്ങിയപ്പോൾ മുന്നിൽ.........
നാലടി പൊക്കമുള്ള കറുത്ത് തടിച്ച ഒരു മനുഷ്യൻ! അയാളുടെ തുറിച്ച നോട്ടം ഞങ്ങൾ രണ്ടു പേരും പേടിച്ചു വിറച്ചു... അയാൾ തുറിച്ച് നോക്കുകയല്ലാതെ ഒന്നും ഉരിയാടുന്നില്ല. നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ കഴിയുന്നില്ല. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, ൻറെ സൈദിൻറെ കാലിലൂടെ വെള്ളം ഒലിക്കുന്നു!!!
ആരാടാ ... ങ്ങക്കെന്താടാ ബ്ടെ ... ഘനഗംഭീര ശബ്ദം.. വിറയാർന്ന ശബ്ദത്തിൽ ഞങ്ങൾ പറഞ്ഞു ബ്ടെ കാണാൻ ബന്നതാ...
ഏതാടാ ജ് ൻറെ സൈദിനെ നോക്കി അയാൾ അലറി. ഞാൻ പരിക്കുട്ട്യാക്കാൻറെ മോനാ..  ജ്ജോ.. ന്നോടൊരലർച്ച, കാമ്പ്രൻ ആലസ്സൻകുട്ട്യാക്കാൻറെ മോനാണ്. ഇതു കേട്ടപ്പോൾ അയാളാകെ മാറി. ആ കുറിയ മനുഷ്യൻ വളരെ സ്നേഹത്തിൽ പെരുമാറാൻ തുടങ്ങി.
എൻറെ ഉപ്പ എടത്തോള കാര്യസ്ഥനായിരുന്നു. ഈകുറിയമനുഷ്യൻ എടത്തോള ഭവനത്തിലെ സ്ഥിരം ജോലിക്കാരനാണ്. അബൂബക്കർ കാക്കയായിരുന്നു അത്. ഞാൻ യതീം കുട്ടിയായത് കൊണ്ടാണ് അയാൾ സ്നേഹത്തിൽ പെരുമാറാൻ തുടങ്ങിയത്.
അന്നുവരെ തിന്നാത്ത കുറെ പഴങ്ങൾ അബൂബക്കർക്ക പറിച്ചു തന്നു. ഗുഹയെവിടെയെന്ന് ചോദിച്ചപ്പോൾ അയാളുടെ സ്വഭാവം മാറി.. വീണ്ടും ദേഷ്യപ്പെട്ടു..ഗുഹക്കടുത്തേക്ക് പോകരുതെന്ന കർശന നിർദ്ദേശത്തോടെ ദൂരെ നിന്ന് ഗുഹാ കവാടം അയാൾ കാണിച്ചു തന്നു. ഇനിയവിടെ നിൽക്കരുതെന്നും ഇനി മേലാൽ അങ്ങോട്ട് വരരുതെന്നുമുള്ള താക്കീതാണ് അബൂബക്കർകാക്ക തന്നത്.
തിരിഞ്ഞു നടക്കുമ്പോൾ, സ്വീകരിക്കാൻ വന്ന ഒരു കുറുക്കനെ പോലും യാത്രയാക്കാൻ കണ്ടില്ല

-------------------------------
എം.ആർ.സി അബ്ദുറഹിമാൻ

Sunday, 21 February 2016

നിങ്ങൾ കണ്ടിട്ടുണ്ടോ? പ്രാരാബ്ദത്തിന്റെ കൈപ്പടയിലെഴുതിയ കുറിക്കല്യാണ കത്ത്

കുറി കല്യാണങ്ങൾ വ്യാപകമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു നമ്മുടേത്.
ഇടപാടുകാരന് കാര്യമായ പ്രയാസങ്ങളുണ്ടാവുമ്പോഴോ ആണ്ടറുതകളിലോ ആയിരുന്നു ഇതിന്റെ മുഹൂർത്തങ്ങൾ.
ഞെരുക്കത്തിന്റെ ജീവിത ചുറ്റുപാടിൽ കുറി കല്യാണങ്ങൾ നിർവ്വഹിച്ച സാമൂഹിക ദൗത്യം വളരെ വിലപ്പെട്ടതായിരുന്നു.
ആഴ്ചകൾക്ക് മുമ്പേ ഇടപാട് കാരെ വിവരമറിയിച്ചും അവർക്കായി ചായ സൽക്കാരം നടത്തിയുമാണീ ചടങ്ങ് ഒരുക്കിയിരുന്നത്.
എഴുത്തും വായനയും ഇന്നത്തെ പോലെ എല്ലാർക്കും അറിയുമായിരുന്നില്ലെങ്കിലും അറിയുന്നവരെക്കൊണ്ട് എഴുതിച്ചെങ്കിലും ഇതിന്റെ ഇടപാട് ബുക്ക് ഏറെ കരുതലോടെ സൂക്ഷിക്കുമായിരുന്നു.
ഇടപാടുകളിൽ നമ്മുടെ കാരണവൻമാർ കാണിച്ച വിശ്വാസ്യതയും കണിശതയുമാണിത് തെളിയിക്കുന്നത്.
ഏറെ ഞെരുക്കങ്ങളുണ്ടായിരുന്നുവെങ്കിലും അന്നത്തെ നാട്ടുവഴികളിൽ പലിശക്കാരുടെ സ്വൈര്യ വിഹാരങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പോയ തലമുറ കാണിച്ച ഏറ്റവും മാതൃകാപരമായ നാട്ടു മുദ്രയാണ് കുറി കല്യാണം.
ഇടപാടുകളിൽ കടം ബാക്കിയാവാതെ വന്നപ്പോഴാണ് ഈ ചടങ്ങ് ഇല്ലാതായത് എന്ന് വേണം കരുതാൻ.
ഇപ്പോൾ നാട്ടുകാർ തമ്മിൽ ഇടപാട് കുറയുകയും ആ സ്ഥാനം വിവിധ സ്ഥാപനങ്ങളും ചിട്ടി കമ്പനികളുമൊക്കെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
പ്രാരാബദത്തിന്റെ കൈപ്പടയിലെഴുതിയ പഴയഇടപാട് ബുക്കിന് പകരം ഇപ്പോൾ പലിശ മണക്കുന്ന പാസ് ബുക്കുകളാണ് നാം കരുതി വെച്ചിരിക്കുന്നത് '
സ്നേഹം പൂത്ത് നിന്നക്കുറിക്കല്യാണക്കത്തുകളുടെ സ്ഥാനത്ത് ജപ്തി പേടിയുണ്ടാക്കുന്ന ഡിമാന്റ് നോട്ടീസുകളും'
------------------------------
സത്താർ കുറ്റൂർ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------