Sunday, 27 August 2017

ഏതൊരു നാടിന്റെയും നൻമയുടെ തിരി നാളമാണ് അവിടത്തെ മദ്രസകൾ


പുതിയ തലമുറയോട് സംവദിക്കുന്നതിൽ മദ്രസകൾ പരാജയപ്പെടുന്നു എന്നൊരു വിമർശനമുണ്ട്.
ഇതിൽ ഒരു പരിധി വരെ ശരിയുമുണ്ട്. മദ്രസകളുടെ ബോധന രീതികളിലും ഭൗതിക സംവിധാനങ്ങളിലും ഒരു പാട് മാറ്റങ്ങൾ അത്യാവശ്യമാണ്.
പതുക്കെയാണെങ്കിലും ഈ രംഗത്ത് ആശാവഹമായ നീക്കങ്ങൾ നടക്കുന്നുവെന്നതും കാണാതിരുന്നു കൂടാ.
എന്തൊക്കെ പറഞ്ഞാലും ഏതൊരു നാടിന്റെയും നൻമയുടെ തിരി നാളമാണ് അവിടത്തെ മദ്രസകൾ.

ഇന്ന് രാവിലെ  നാട്ടിലെ മദ്രസയിൽ പോവേണ്ട കാര്യമുണ്ടായിരുന്നു.
ഞാൻ അവിടെയെത്തുമ്പോൾ  മാതൃദിനത്തിന്റെ ഭാഗമായുള്ള അസംബ്ലി നടക്കുകയാണ്.
ഉസ്താദുമാർക്ക് മുന്നിൽ വെള്ള തൊപ്പിയും, മുഖ മക്കനയുമിട്ട് അണിയൊപ്പിച്ച് നിൽക്കുന്ന
കുരുന്നുകൾ.
ഇതിന് പുറമെ ഈ കുട്ടികൾ  ധരിച്ചിരുന്ന ബാഡ്ജ് കൗതുകമായി.
അതിലെ വരികളിലൂടെ കണ്ണോടിച്ചു.
'സ്നേഹമാണെന്റെ ഉമ്മ'.

ഉസ്താദിന്റെ വാക്കുകൾ ഒഴുകി തുടങ്ങി.
കുട്ടികളുടെ ഭാഷയിൽ ഉമ്മയെ നെഞ്ചോടടുപ്പിച്ച് വെക്കുന്ന ഹൃദ്യമായ സംസാരം.
അന്നേരം ഈ കുട്ടികളുടെ മുഖത്ത് സ്നേഹത്തിന്റെ നിലാവ് പരക്കുന്നത് കണ്ടു.
കടപ്പാടുകൾ മാഞ്ഞ് തീരുന്ന കാലത്ത്
അതിന്റെ മഹത്വം നെഞ്ചോട് ചേർത്ത് വെച്ച നല്ലൊരു പ്രഭാതത്തിന് സാക്ഷിയാവാനായതിൽ മനസ്സ് നിറഞ്ഞു.
ഒരു മധുരം പോലെ നുണഞ്ഞ 
ഉസ്താദിന്റെ വാക്കുകൾ അലിഞ്ഞ് തീർന്നപ്പോൾ എന്റെ കണ്ണ് നനഞ്ഞു.
ഞാനും ഒരു 
കൊച്ചു കുട്ടി ആയ പോലെ.......
ജീവിതത്തിലനുഭവിച്ച ഏറ്റവും നല്ല മുഹൂർത്തങ്ങളിലൊന്ന്........
ദിനാചരണങ്ങളുടെ മനം മടുപ്പിക്കുന്ന ഔപചാരികതക്കപ്പുറത്ത് തലമുറകളിലേക്ക് തുന്നിച്ചേർക്കുന്ന സ്നേഹത്തിന്റെ നനവ്.........
മൊഴിഞ്ഞ നൻമയുടെ മുത്തുകൾ ആ അക്ഷരമുറ്റത്ത് മനോഹരമായി അടുക്കി  വെച്ചതായി തോന്നി.
മദ്രസകൾ കൂടുതൽ ആസ്വാദ്യകരമാവുന്നതിന്റെ 
നേർകാഴ്ച.
ഉമ്മയെ അനുഭവിച്ചതിന്റെ അടക്കാനാവാത്ത സന്തോഷം ഉള്ളിൽ നിറച്ച് പെരുമാറ്റത്തിന്റെ നല്ല ശീലങ്ങൾക്കായി പ്രതിജ്ഞ പുതുക്കി അവർ ഒറ്റവരിയായി ക്ലാസ് മുറികളിലേക്ക് തിരിച്ച് നടന്നു.
മദ്രസകൾ മികച്ച ബോധന രീതികൾ കൊണ്ടും
തെളിഞ്ഞ ഭാഷകൊണ്ടും നമുക്ക് മേൽ ഹൃദ്യമായി വർഷിച്ച് തുടങ്ങുന്നതിന്റെ പ്രഭാത കാഴ്ചയിൽ മനസ്സ് കുളിരണിഞ്ഞു.
*********
സത്താർ കുറ്റൂർ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------


1 comment:

  1. ഇന്നത്തെ വിദൃാഭൃാസരീതിയിൽ വന്ന മാറ്റവുംരക്ഷിതാക്കളുടെ ഭൗതിക വിദൃഭൃാസത്തോടുള്ള അതൃാഗ്രഹവും കാരണം മദ്രസകളെ പണ്ട് കാലത്തെ അപേക്ഷിച്ച് വളരെ പിറകിലാക്കി

    മാതാവിൻ്റെ തണലിൽ മാതാവിനോട് കിശാഠൃം പിടിച്ച് മാതാവിൻ്റെ കോന്തലയിൽ തൂങ്ങി സ്നേഹ ലാളനകൾ കിട്ടേണ്ട പ്രായത്തിൽ പ്ലേസ്കൂളുകളിലെ ആയമാരുടെ സംസ്കാരം പഠിച്ച മക്കൾക്ക് മാതൃസ്നേഹത്തിനെ ഒാർമിക്കാൻ മാതൃദിനത്തിലെ അസംബ്ലി വേണ്ടി വരും

    ഉമ്മാൻ്റെ കാലിൻ ചുവട്ടിലാണ് സ്വർഗം എന്ന് പഠിപ്പിക്കുംബോൾ ഇന്നത്തെ മക്കൾ തെളിവിനായ് യൂ ടൃൂബ് സെർച്ച് ചെയ്യുന്ന കാലമാണ്

    അബ്ദുസ്സമ്മദ് സമദാനി സാഹിബിൻ്റെ സഫാരി ചാലിനു കൊടുത്ത അഭിമുഖം കാണാൻ ഇടയായി
    അദ്ധേഹം ഇന്നത്തെ മക്കളുടെ മാതാ പിതാക്കളോടുള്ള ചെയ്തികളെ കുറിച്ചും വൃദ സദനത്തിൽ കൊണ്ട് തള്ളുന്നതിനെയും പറയുന്നുണ്ട്

    നാട്ടിൽ പെയ്യേണ്ട മഴ വൃദ സദനങ്ങളിൽ അമ്മമാരുടെ കണ്ണിലുടെ പെയ്യുന്നുണ്ട്
    അത് കൊണ്ടാണ് നാട്ടിൽ മഴ പെയ്യാത്തത് എന്ന് അദ്ധേഹം പറഞ്ഞു
    അത് പോലെ ബോർഡിംഗിൽ കുട്ടിയെ ചേർത്തി പോവുന്ന ചെറുപ്പക്കാരാരായ മാതാപിതാക്കളുടെ കാറിൻ്റെ പിറകെ കരഞ്ഞ് കൊണ്ട് ഒാടുന്ന കുട്ടിയുടെ രംഗം അദ്ധേഹം കണ്ട അനുഭവം വിവരിക്കുന്നുണ്ട്

    ഈമക്കൾ എങ്ങിനെ മാതാപിതാക്കൾക്ക് തണലാവും.....
    ------------------------------------
    കുഞ്ഞിമുഹമ്മദ് മാപ്പിളക്കാട്ടിൽ

    ReplyDelete